വിസിറ്റ് വിസയിൽ വന്ന് ജോലി ചെയ്യരുത്; മുന്നറിയിപ്പുമായി ബഹറൈൻ

പ്രവാസി തൊഴിലാളികൾ രാജ്യത്ത് എത്തുന്നതിന് മുമ്പ് തന്നെ ഒരു തൊഴിലുടമയിൽ നിന്ന് ഔദ്യോഗിക വർക്ക് പെർമിറ്റ് നേടിയിരിക്കണം

Update: 2022-10-13 19:44 GMT
Editor : afsal137 | By : Web Desk
Advertising

ബഹറൈൻ: ബഹ്‌റൈനിൽ വിസിറ്റ് വിസയിൽ വന്ന് ജോലി ചെയ്യരുതെന്നും തൊഴിൽ വിസ രാജ്യത്ത് വരുന്നതിന് മുമ്പ് തന്നെ നേടണമെന്നും ഓർമിപ്പിച്ച് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി. രാജ്യത്ത് എല്ലാ പ്രവാസി തൊഴിലാളികളും തങ്ങളുടെ രേഖകൾ നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തണമെന്നും എൽ.എം.ആർ.എ ആവശ്യപ്പെട്ടു.

ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വ്യവസ്ഥകളും റെസിഡൻസി നിയമങ്ങളുമുൾപ്പെടെ രാജ്യത്ത് ബാധകമായ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന് എൽ.എം .ആർ.എ അധിക്യതർ വ്യക്തമാക്കി. പ്രവാസി തൊഴിലാളികൾ രാജ്യത്ത് എത്തുന്നതിന് മുമ്പ് തന്നെ ഒരു തൊഴിലുടമയിൽ നിന്ന് ഔദ്യോഗിക വർക്ക് പെർമിറ്റ് നേടിയിരിക്കണം. വിസിറ്റ് വിസയിൽ വന്നവർ ജോലിയിൽ ഏർപ്പെടുന്നത് നിയമ വിരുദ്ധമാണ്. ഈ നിയമം ലംഘിച്ചാൽ പിഴയും നാടുകടത്തലും നേരിടേണ്ടി വരും. ആദ്യമായി രാജ്യത്ത് പ്രവേശിച്ച് ഒരു മാസത്തിനുള്ളിൽ ബയോമെട്രിക് ഡാറ്റ നൽകുന്നത് ഉൾപ്പെടെ, വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും പ്രവാസി തൊഴിലാളികൾ പൂർത്തീകരിക്കണം. വർക്കിങ് പെർമിറ്റുള്ള പ്രവാസികൾ പെർമിറ്റിൽ സൂചിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിലോ അതേ പ്രവർത്തനത്തിൽ ഏർപ്പെടുന്ന അതേ തൊഴിലുടമയുടെ മറ്റ് ശാഖകളിലോ ജോലി ചെയ്യണം. ആരോഗ്യ ഇൻഷുറൻസ് ചെലവുകൾ ഉൾപ്പെടെ തൊഴിലാളിയുടെ മേൽ ചുമത്തുന്ന എല്ലാ ഫീസും തൊഴിലുടമ വഹിക്കണം. വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ തൊഴിലാളി തൊഴിലുടമയ്ക്ക് പണമോ ആനുകൂല്യങ്ങളോ നൽകാൻ പാടില്ല. തൊഴിൽ മാറുകയാണെങ്കിൽ, തൊഴിൽ മാറ്റ നടപടികൾ പൂർത്തിയാകുന്നതുവരെയും പുതിയ തൊഴിലുടമയുടെ കീഴിൽ പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്നതുവരെയും നിലവിലെ തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുന്നത് അവസാനിപ്പിക്കാനും എൽ.എം.ആർ.എ നിർദേശിച്ചു.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു തങ്ങളുടെ പ്രതിബദ്ധത എൽ.എം.ആർ.എ ആവർത്തിച്ചു. തൊഴിലുടമ നിർബന്ധിച്ച് ജോലി ചെയ്യിക്കുക, വേതനം നൽകാതിരിക്കുക, മനുഷ്യക്കടത്ത് തുടങ്ങിയ സന്ദർഭങ്ങളിൽ അധികൃതരുടെ ഇടപെടലുണ്ടാകും. ഇക്കാര്യങ്ങളിൽ സഹായവും മാർഗനിർദേശവും ലഭിക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ബന്ധപ്പെടാം. എക്‌സ്പാട്രിയേറ്റ് വർക്കേഴ്‌സ് പ്രൊട്ടകഷ്ടൻ ആന്റ് സപ്പോർട്ട് സെന്ററിൽ വിവിധ ഭാഷകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 995 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെട്ട് പ്രവാസി തൊഴിലാളികൾക്ക് സംശയങ്ങൾ ദുരീകരിക്കാവുന്നതാണെന്നും എൽ.എം.ആർ .എ വ്യക്തമാക്കി.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News