ബഹ്റൈനിൽ ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി മാർച്ച് നാല്
രാജ്യത്ത് അനധികൃതമായി തൊഴിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധിക്യതർ
ബഹ് റൈനിൽ ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി മാർച്ച് നാല് ആയിരിക്കുമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി. രാജ്യത്ത് അനധികൃതമായി തൊഴിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധിക്യതർ വ്യക്തമാക്കി.
ബഹ്റൈനിൽ അനധികൃതമായി കഴിയുന്ന തൊഴിലാളികളും ഫ്‌ളെക്‌സി വിസ ഉടമകളും മാർച്ച് നാലിന് മുമ്പ് ലേബർ രജിസ്‌ട്രേഷൻ പദ്ധതി വഴി രേഖകൾ നിയമാനുസൃതമാക്കണമെന്നാണു ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) യുടെ മുന്നറിയിപ്പ് .എൽ.എം.ആർ.എ നിയമം ലംഘിക്കുന്നവർക്കെതിരെ മാർച്ച് മുതൽ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കും.
അനധികൃത തൊഴിലാളികളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള പരിശോധനകൾ നിലവിൽ ശക്തമാക്കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞതും അസാധുവായതുമായ വർക് പെർമിറ്റുള്ളവർക്കും ഫ്‌ളെക്‌സി പെർമിറ്റുള്ളവർക്കും ലേബർ രജിസ്‌ട്രേഷൻ പദ്ധതി വഴി രജിസ്റ്റർ ചെയ്യാം. അതേസമയം, ക്രിമിനൽ കുറ്റം ചെയ്തിട്ടുള്ളവർക്കും നിലവിലലുള്ള പെർമിറ്റിലെ വ്യവസ്ഥകൾ ലംഘിച്ചവർക്കും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ യോഗ്യത ഉണ്ടായിരിക്കില്ല.
അംഗീകൃത രജിസ്‌ട്രേഷൻ സെന്റർ വഴിയും എൽ.എം.ആർ.എ വെബ്‌സൈറ്റ് സന്ദർശിച്ചും തൊഴിലാളികൾക്ക് ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ ചേരുന്നതിന് യോഗ്യതയുണ്ടോയെന്ന് മനസിലാക്കാൻ സാധിക്കും. തൊഴിലാളിയുടെ തിരിച്ചറിയൽ നമ്പർ +973 33150150 എന്നതിലേക്ക് എസ്.എം.എസ് ചെയ്തും +973 17103103 എന്ന എൽ.എം.ആർ.എ കോൾസെന്ററിൽ ബന്ധപ്പെട്ടും യോഗ്യത അറിയാമെന്നും എൽ.എം. ആർ എ അധിക്യതർ വ്യക്തമാക്കി