ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ ഒഴുക്ക്; നവംബറിലെത്തിയത് 8,82,343 യാത്രക്കാർ
8,707 വിമാന സർവീസുകളാണ് ബഹ്റൈൻ വിമാനത്താവളത്തെ ആശ്രയിച്ചത്
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വൻ വർധനവ്. ഈ വർഷം നവംബറിൽ മാത്രം ബഹ്റൈൻ വിമാനത്താവളം വഴി യാത്ര ചെയ്തത് 8,82,343 യാത്രക്കാരാണ്. ഇതിൽ 4,37,057 പേർ ബഹ്റൈനിൽ നിന്ന് യാത്ര പുറപ്പെട്ടവരും 4,42,717 പേർ ബഹ്റൈനിലേക്ക് എത്തിച്ചേർന്നവരുമാണ്. ഇതിൽത്തന്നെ 2,569 പേർ കണക്ഷൻ ഫ്ലൈറ്റിലെത്തിയ ട്രാൻസിസ്റ്റ് യാത്രക്കാരാണ്. ഗതാഗത ടെലി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയമാണ് യാത്രക്കാരുടെ എണ്ണം സംബന്ധിച്ചുള്ള വിശദമായ കണക്കുകൾ പുറത്തുവിട്ടത്.
ഫ്ലൈറ്റ് സർവീസുകളുടെ എണ്ണത്തിലും ശ്രദ്ധേയമായ വർധനവാണുണ്ടായിരിക്കുന്നത്. 8,707 വിമാന സർവീസുകളാണ് നവംബറിൽ മാത്രം ബഹ്റൈൻ വിമാനത്താവളത്തെ ആശ്രയിച്ചത്. 4,367 വിമാനങ്ങൾ ബഹ്റൈനിൽ നിന്ന് പുറപ്പെട്ടപ്പോൾ 4,340 വിമാനങ്ങൾ ബഹ്റൈനിലേക്ക് എത്തിച്ചേർന്നു. ഇതിനുപുറമേ ബഹ്റൈൻ വ്യോമപരിധിയിലൂടെ കടന്നുപോയത് 47,753 വിമാനങ്ങളാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
എയർ കാർഗോ രംഗത്തും ബഹ്റൈൻ വിമാനത്താവളം നേട്ടമുണ്ടാക്കിയിട്ടുണ്ട്. മൊത്തം 38,043 ടൺ എയർ കാർഗോയും എയർ മെയിലും നവംബറിൽ ബഹ്റൈൻ വിമാനത്താവളം വഴി കൈമാറ്റം ചെയ്തിട്ടുണ്ട്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം മേഖലയിലെ പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബായി മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണിതെന്ന് അധികൃതർ വിലയിരുത്തി.