വെള്ളാപ്പള്ളിയെ നവോഥാന സമിതി ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കണം: റസാഖ് പാലേരി
ബഹ്റൈൻ സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
മനാമ: കേരളത്തിലുടനീളം വിദ്വേഷപ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ കേരളസർക്കാർ രൂപീകരിച്ച നവോഥാന സമിതിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. ബഹ്റൈൻ സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോഥാനം എന്ന വാക്കിനോട് ചേർത്തുപറയാൻ അർഹതയില്ലാത്ത പേരാണ് വെള്ളപ്പള്ളിയുടെതെന്ന് അദ്ദേഹം പറഞ്ഞു. മലബാറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടരുന്നതിന് ആരും എതിരല്ല. കഴിഞ്ഞ പത്ത് വർഷം കൊണ്ട് സർക്കാരിൽ നിന്ന് അത് നേടിയെടുക്കുന്നതിന് പകരം മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകനെ അദ്ദേഹം തീവ്രവാദിയാക്കി ചിത്രീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും സി പിഎമ്മും ഒരുക്കുന്ന സംരക്ഷണ കവചവും പുകഴ്ത്തലുമാണ് ഇദ്ദേഹത്തിന് വിദ്വേഷപ്രചാരകനായി വിലസാനുള്ള പ്രോത്സാഹനമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടറായ റഹീസ് റഷീദിനെതിരെ വിദ്വേഷ പരാമർശം നടത്തിയും മതം എടുത്തുപറഞ്ഞ് അധിക്ഷേപിച്ചും കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തെ വിഷലിപ്തമാക്കാൻ ശ്രമംനടത്തുന്ന വെള്ളാപ്പള്ളിക്ക് പ്രചോദനമായി മാറുന്നത് മുഖ്യമന്ത്രിയുടെ തന്നെ നിലപാടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരമത വിദ്വേഷത്തിനെതിരെ പോരാട്ടം നയിച്ച ശ്രീനാരായണഗുരുവിൻ്റെ പാരമ്പര്യം അവകാശപ്പെടുന്ന വ്യക്തിയാണ് ഇസ്ലാമോഫോബിയക്ക് പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത്. ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ വരുമ്പോൾ ചോദ്യം ഉന്നയിച്ച ആളിന്റെ മതവും ചരിത്രവും ദുർവ്യാഖ്യാനിക്കുന്നത് കേരളത്തെ തെറ്റിദ്ധരിപ്പിക്കലാണ്.
സാമൂഹിക ധ്രുവീകരണത്തിന് ആക്കംകൂട്ടുന്ന വെള്ളാപ്പള്ളിയുടെ ഇത്തരം പരാമർശങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനോ പ്രതികരിക്കാനോ ഇടതുപക്ഷ സർക്കാർ തയ്യാറാകുന്നില്ല. പകരം സമൂഹത്തെ മലിനമാക്കാൻ ബോധപൂർവം ഇത്തരം പരാമർശങ്ങൾ നടത്തുന്നവരെ മഹാന്മാരായ ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടതുപക്ഷ ഭരണകൂടം ശ്രമിക്കുന്നത്. ആസൂത്രിതമായ വംശീയ ധ്രുവീകരണ ശ്രമങ്ങൾക്കെതിരെ കേരള ജനതയുടെ ജാഗ്രത്തോടെയുള്ള പ്രതികരണം തദ്ദേശ ഇലക്ഷൻ സമയത്തു തന്നെ ജനങ്ങൾ ബോധ്യപ്പെടുത്തിയതാണ്. കേരളത്തിൻ്റെ നവോഥാന ചരിത്രത്തെ സത്യസന്ധമായി ഉൾക്കൊള്ളാനും വിദ്വേഷശ്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
എല്ലാ ദുഷ്പ്രചരണങ്ങളെയും അതിജീവിച്ച് വെൽഫെയർ പാർട്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ സീറ്റുകൾ പാർട്ടി ഉയർത്തിപ്പിടിക്കുന്ന ജനക്ഷേമ നിലപാടുകൾക്കും സാഹോദര്യ രാഷ്ട്രീയത്തിനും കേരളജനത നൽകിയ അംഗീകാരമാണെന്നും റസാഖ് പാലേരി വ്യക്തമാക്കി. കേരളീയ സമൂഹം കാലങ്ങളായി പൂലർത്തിവരുന്ന സഹവർത്തിത്വവും സാഹോദര്യവും പോഷിപ്പിക്കാനും ജനപക്ഷ രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ടുപോകാനും പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രവാസി വെൽഫയർ പ്രസിഡണ്ട് മജീദ് തണൽ, ജനറൽ സെക്രട്ടറി ആഷിക് എരുമേലി, ബദറുദ്ദീൻ പൂവാർ എന്നിവർ പങ്കെടുത്തു.