സ്വര്‍ണാഭരണങ്ങളുടെ ഗുണമേന്മ; ബഹ്റൈനില്‍ ജ്വല്ലറികളില്‍ പരിശോധന

ചില ജ്വല്ലറികളില്‍നിന്ന് മുദ്ര പതിക്കാത്ത ആഭരണങ്ങള്‍ പിടിച്ചെടുത്തു

Update: 2022-06-12 07:58 GMT
Advertising

ബഹ്‌റൈനില്‍ വില്‍പ്പനയ്ക്കുള്ള സ്വര്‍ണാഭരണങ്ങളുടെ ഉന്നത ഗുണനിലവാരം ഉറപ്പുവരുത്താനായി അധികൃതര്‍ വ്യാപക പരിശോധന നടത്തി. വ്യവസായ-വാണിജ്യ-വിനോദസഞ്ചാര മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം വിവിധ ജ്വല്ലറികളില്‍ പരിശോധന നടത്തിയത്.

സ്ഥാപനങ്ങള്‍ രാജ്യത്തെ വ്യാപാര നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. പരിശോധന നടത്തിയ ചില ജ്വല്ലറികളില്‍നിന്ന് മുദ്ര പതിക്കാത്ത ആഭരണങ്ങള്‍ പിടിച്ചെടുത്തു. കുറ്റക്കാര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി.

നിലവാരമുള്ളതാണെന്നും ബഹ്‌റൈനില്‍ നിര്‍മിച്ചതാണെന്നും സാക്ഷ്യപ്പെടുത്തുന്ന മുദ്ര ആഭരണങ്ങളിലുണ്ടാകണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. തൂക്കം, പരിശുദ്ധി, വില തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ വിശദ ഇന്‍വോയ്‌സ് ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് മറ്റൊരു നിയമത്തിലും പറയുന്നുണ്ട്.

ബഹ്‌റൈനിലെയും ഗള്‍ഫിലെയും വിപണികളില്‍ സ്വര്‍ണ വ്യാപാരത്തിലെ രാജ്യത്തിന്റെ ഖ്യാതി സംരക്ഷിക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് കണ്‍ട്രോള്‍ ആന്‍ഡ് റിസോഴ്‌സസ് അസി. അണ്ടര്‍ സെക്രട്ടറി അബ്ദുല്‍അസീസ് അല്‍ അഷ്‌റഫ് പറഞ്ഞു. സവിശേഷ ഡിസൈനുകള്‍ക്കും ഉയര്‍ന്ന ഗുണമേന്മക്കും പേരുകേട്ടതുമാണ് ബഹ്‌റൈനിലെ ആഭരണ വിപണി.

ജ്വല്ലറികളില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഇന്‍വോയ്‌സ് നിര്‍ബന്ധമായും ചോദിച്ച് വാങ്ങണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നല്‍കി പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത ഷോപ്പുകളില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സൈബര്‍ക്രൈം ഡിപ്പാര്‍ട്‌മെന്റിന്റെ സഹായത്തോടെ അത്തരം ഷോപ്പുകള്‍ക്കെതിരെ നടപടിയെടുക്കും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍, 80008001 ഹോട്‌ലൈന്‍ നമ്പരിലും 17111225 എന്ന വാട്‌സ്ആപ് നമ്പരിലും അറിയിക്കാവുന്നതാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News