ബഹ്‌റൈനിൽ പരിശോധനകൾ തുടരുന്നു; 5300 വിദേശ തൊഴിലാളികളെ നാടുകടത്തി

പരിശോധന ശക്തമാക്കുമെന്ന് അധിക്യതർ

Update: 2023-01-19 18:24 GMT
Editor : banuisahak | By : Web Desk
Advertising

മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ അധിക്യതർ ശക്തമാക്കി. കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ താമസ നിയമം ലംഘിച്ചതിന് 5300 വിദേശ തൊഴിലാളികളെ ബഹ്‌റൈനിൽ നിന്ന് നാട് കടത്തി.

മൂന്ന് മാസക്കാലയളവിൽ നടത്തിയ 7153ലധികം പരിശോധനകളിൽ നിന്ന് അനധിക്യത താമസക്കാരെന്ന് കണ്ടെത്തിയവരെയാണു അവരുടെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണിക്കാര്യം അറിയിച്ചത്.

ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയും നാഷണാലിറ്റി പാസ്പോർട്ട്സ് ആൻ്റ് റസിഡൻ്റ്സ് അഫയേഴ്സും സംയുക്തമായാണു പരിശോധനകൾ നടത്തിയത്. പരിശോധനകളിൽ 731 ക്രിമിനൽ നിയമ ലംഘനങ്ങളും 62 നിർബന്ധിത ജോലിയുമായി ബന്ധപ്പെട്ട കേസുകളും പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട്.

പരിശോധനകൾ 66 ശതമാനമാക്കി വർധിപ്പിച്ചതായും നിയമ വിരുദ്ധ വിദേശ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായും ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വ്യക്തമാകി. തൊഴിലുടമകളുമായി ബന്ധപ്പെട്ട 257 നിയമ ലംഘനങ്ങളും പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. നിയമം ലംഘിച്ചവരിൽ നിന്നും ആകെ 2,53,000 ദിനാർ പിഴ ഈടാക്കി

ഉയർന്ന ഉൽപാദനക്ഷമതയുള്ള തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് എൽ.എം.ആർ.എ ശ്രമിക്കുന്നതെന്ന് എൽ.എം.ആർ.എ അറിയിച്ചു. തൊഴിലുടമ, തൊഴിലാളികൾ, നിക്ഷേപകർ തുടങ്ങി എല്ലാവരുടെയും താൽപര്യങ്ങൾ ഒരു പോലെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പരിശോധനയിൽ സഹകരിച്ചു കൊണ്ടിരിക്കുന്ന വിവിധ സർക്കാർ അതോറിറ്റികൾക്ക് എൽ.എം.ആർ.എ നന്ദി അറിയിച്ചു

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News