ഡെലിവറി മികവിന് അവാർഡുമായി ദുബൈ; കമ്പനികൾക്കും 100 ജീവനക്കാർക്കും പുരസ്കാരം
ദുബൈ പൊലീസും റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമാണ് ഡെലിവറി സർവീസ് എക്സലൻസ് അവാർഡ് ഏർപ്പെടുത്തുന്നത്.
ഡെലിവറി രംഗത്തെ മികവിന് അവാർഡുമായി ദുബൈ. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്ന ദുബൈയിലെ ഡെലിവറി കമ്പനികൾക്കും നൂറ് ഡെലിവറി ജീവനക്കാർക്കും പുരസ്കാരം നൽകും. ആദ്യമാണ് ഡെലിവറി മേഖലയിൽ ഇത്തരമൊരു അവാർഡ്. രണ്ട് കാറ്റഗറികളിലായാണ് ദുബൈ പൊലീസും റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമാണ് ഡെലിവറി സർവീസ് എക്സലൻസ് അവാർഡ് ഏർപ്പെടുത്തുന്നത്.
ആരോഗ്യ സുരക്ഷാ, ഭക്ഷ്യസുരക്ഷാ, ഗതാഗത ചട്ടങ്ങൾ എന്നിവ പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അവാർഡ്. മൊബൈൽ ആപ്ലിക്കേഷൻ വഴി ഡെലിവറി സാധ്യമാക്കുന്ന രണ്ട് മികച്ച സ്ഥാപനങ്ങൾ, നൂറ് മികച്ച ഡെലിവറി ജീവനക്കാർ എന്നിവർക്കാണ് എല്ലാവർഷവും അവാർഡ് നൽകുക.
ആർ.ടി.എ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അബ്ദുല്ല യൂസഫ് അൽ അലി, ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ജനറൽ ഡയറ്ക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ ആൽ മസ്റൂഈ എന്നിവരാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. നവംബർ 30 വരെ അവാർഡിന് നാമനിർദേശം സമർപ്പിക്കാം. കമ്പനികൾക്ക് സ്വന്തം മികവിനും ഡ്രൈവർമാരുടെ മികവിനും നാമനിർദേശം നൽകാം. ആരോഗ്യ സുരക്ഷ, പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ പാലിക്കുന്നത്, ജീവനക്കാർക്ക് നൽകുന്ന പരിശീനം, ഉപഭോക്താക്കളുടെ തൃപ്തി എന്നിവയെല്ലാം മികച്ച കമ്പനികളെ തെരഞ്ഞെടുക്കാൻ മാനദണ്ഡമാക്കും.
ഗതാഗത നിയമലംഘനം, അപകടം, പരാതികൾ എന്നിവയ്ക്ക് ഇടവരുത്താത്ത പ്രകടനമായിരിക്കും ഡെലിവറി ജീവനക്കാരുടെ മികവിനായി പരിഗണിക്കുക. ഡെലിവറി രംഗത്ത് നിയമനം നൽകുന്നവർക്ക് ആർ.ടി.എ സുരക്ഷ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഇൻഡക്ഷൻ ട്രെയിനിങ് നൽകുന്നുണ്ട്. പതിനായിരത്തിലധികം ഡെലിവറി ജീവനക്കാർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ടെന്നും ആർ.ടി.എ അറിയിച്ചു.