ദുബൈയിലെ 11 മേഖലകളിൽ കൂടി ഇ-സ്കൂട്ടർ ട്രാക്കുകൾ
അടുത്ത വർഷത്തോടെ ട്രാക്കുകളുടെ നീളം 390 കിലോമീറ്ററായി വർധിക്കും.
ദുബൈയിലെ 11 മേഖലകളിൽ കൂടി ഇ-സ്കൂട്ടർ ട്രാക്കുകൾ വരുന്നു. അടുത്ത വർഷം മുതൽ ഈ മേഖലകളിൽ കൂടി ഇ-സ്കൂട്ടർ ഉപയോഗത്തിന്അനുമതി നൽകും. ഇതോടെ ഇ-സ്കൂട്ടറിന് അനുമതി ലഭിച്ച മേഖലകളുടെ എണ്ണം 21 ആയി ഉയരും. ഇ-സ്കൂട്ടർ ട്രാക്കുകളുടെ നീളം ഏതാണ്ട് ഇരട്ടിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ദുബൈ കുതിക്കുന്നത്.
അടുത്ത വർഷത്തോടെ ട്രാക്കുകളുടെ നീളം 390 കിലോമീറ്ററായി വർധിക്കും. നിലവിൽ 185 കിലോമീറ്ററാണ് നീളം. അൽതവാർ 1, അൽ തവാർ 2, ഉമ്മുസുഖീം, ഗർഹൂദ്, മുഹൈസിന 3, ഉമ്മു ഹുറൈർ 1, അൽ സഫ 2, അൽബർഷ സൗത്ത് 2, അൽ ബർഷ 3, അൽഖൂസ് 4, നാദൽ ഷെബ 1 എന്നീ മേഖലകളെയാണ് ഇ-സ്കൂട്ടർ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദുബൈയിലെ വിവിധ ഗതാഗത കേന്ദ്രങ്ങളെയും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെയും ബന്ധിപ്പിച്ചാണ് ഈ ട്രാക്കുകൾ നിർമിക്കുക. പൊതു പാർക്കുകളും മാളുകളും ഉൾപ്പെടെ 18 പ്രധാന വിനോദ കേന്ദ്രങ്ങളിലൂടെ ട്രാക്ക്കടന്നുപോകും. പത്ത് ഗതാഗത കേന്ദ്രങ്ങളിലും ട്രാക്ക് എത്തും. ഇതോടെ യാത്രക്കാർക്ക് ഇ-സ്കൂട്ടറുമായി ഇവിടെയെത്താനും തുടർന്ന് ബസിലോ മെട്രോയിലോ യാത്ര തുടരാനും സാധിക്കും.
1.14 ലക്ഷം താമസക്കാർക്ക് ഉപകാരപ്പെടുന്നതായിരിക്കും പുതിയ ട്രാക്ക്. സ്വകാര്യ വാഹന ഉപയോഗം കുറക്കാനും ഇതിലൂടെ സാധിക്കും. മെട്രോ, ബസ് സ്റ്റേഷനുകളിൽ ഇ-സ്കൂട്ടർ പാർക്ക് ചെയ്യാൻ സൗകര്യവും ഒരുങ്ങും. നിലവിൽ 10 മേഖലകളിലാണ് ഇ-സ്കൂട്ടർ അനുമതിയുള്ളത്.
പുതിയ ട്രാക്കുകളുടെ നിർമാണം പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലാണ് നിർമാണമെന്ന് ആർ.ടി.എ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വേഗത 40 കിലോമീറ്ററിൽ നിന്ന് 30 ആയി ചുരുക്കാനാണ് നീക്കം. വിവിധ സാങ്കേതിക പഠനങ്ങൾ നടത്തിയാണ് പുതിയ ട്രാക്കുകളുടെ നിർണയം.