മാസപ്പിറ കണ്ടു: ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 6ന്
ജൂൺ 5 വ്യാഴാഴ്ച ഹജ്ജ് കർമ്മങ്ങളിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം
സൗദിയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതോടെ ജൂൺ ആറിന് ഗൾഫ് രാഷ്ട്രങ്ങളിൽ ബലിപെരുന്നാൾ. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ അഞ്ചിന് വ്യാഴാഴ്ചയാണ്. മാസപ്പിറവി ദൃശ്യമായതോടെ ലക്ഷങ്ങൾ സംഗമിക്കുന്ന ഹജ്ജിന്റെ തിരക്കിലേക്ക് നീങ്ങുകയാണ് മക്ക.
മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ നാളെയാണ് ഹജ്ജിന്റെ മാസമായ ദുൽഹജ്ജിലെ ഒന്നാം തിയതി. ഹജ്ജിന്റെ കർമങ്ങൾക്കായി ഹാജിമാർ മിനായിലേക്ക് നീങ്ങുക ദുൽഹജ്ജ് നാലിനാണ്. അതായത് ജൂൺ നാലിന്. ജൂൺ അഞ്ചിനാണ് ഹജ്ജിലെ സുപ്രധാന കർമമായ അറഫാ സംഗമം. ഹജ്ജിലെത്തുന്ന ഇരുപത് ലക്ഷത്തോളം വിശ്വാസികൾ അന്ന് അറഫയിൽ സംഗമിക്കും. അന്ന് രാത്രിയോടെ ഹാജിമാർ അറഫയിൽ നിന്നും മുസ്ദലിഫയിലെത്തും. അവിടെ രാപാർക്കും. തൊട്ടുടത്ത ദിനം ജൂൺ ആറിനാണ് ബലിപെരുന്നാൾ. ഹാജിമാർക്ക് ഏറ്റവും തിരക്കുള്ള ദിനം. പുലർച്ചെ മുസ്ദലിഫയിൽ നിന്നെത്തുന്ന ഹാജിമാർ കല്ലേറ് കർമം നടത്തും. രാവിലെ ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണങ്ങൾ നെഞ്ചിലേറ്റി വിശ്വാസികൾ അന്ന് ബലികർമം പൂർത്തിയാക്കി പെരുന്നാളാഘോഷിക്കും. കഅ്ബക്കരികിലെത്തി ഹജ്ജിന്റെ ത്വവാഫും സഫാ മർവാ പ്രയാണവും പൂർത്തിയാക്കും. പിന്നാലെ മുടിമുറിച്ച് ഹാജിമാർക്ക് ഹജ്ജിൽ നിന്നും അർധവിരാമ കുറിക്കാം. തിരികെ മിനായിലെത്തുന്ന ഹാജിമാർ ജൂൺ 7, 8 തിയതികളിൽ തമ്പുകളിൽ തങ്ങും. ജൂൺ ഒൻപതിന് ഹാജിമാർ മിനായോട് വിടപറയുന്നതോടെ ഹജ്ജിന് സമാപനമാകും. ഇന്നത്തെ മാസപ്പിറവിയോടെ തിരക്കേറിയ പ്രാർഥനാ ദിനങ്ങലായിരിക്കും വിശ്വാസികൾ.
ബലി പെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈദ് നമസ്‌കാരങ്ങൾക്കും ആഘോഷങ്ങൾക്കുമായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.