അബൂദബിയിൽ പ്രവേശിക്കാൻ ഇളവ്; രാത്രികാല യാത്രാവിലക്ക് അവസാനിച്ചു

ഒരു മാസം മുമ്പ് ഏർപ്പെടുത്തിയ രാത്രി യാത്രാവിലക്കാണ് അബൂദബി പിൻവലിച്ചത്

Update: 2021-08-19 17:29 GMT
Editor : Roshin | By : Web Desk

അബൂദബിയിലെ രാത്രികാല യാത്രാവിലക്ക് ഇന്ന് മുതൽ അവസാനിക്കും. നാളെ മുതൽ പൊതുസ്ഥലത്ത് പ്രവേശിക്കാൻ ഗ്രീൻപാസ് പ്രോട്ടോകോൾ നിർബന്ധമാകും. അതേസമയം, മറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഇളവ് പ്രഖ്യാപിച്ചു. വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ഇവർക്ക് അബൂദബിയിൽ നിർബന്ധിത പിസിആർ പരിശോധനയുണ്ടാവില്ല.

ഒരു മാസം മുമ്പ് ഏർപ്പെടുത്തിയ രാത്രി യാത്രാവിലക്കാണ് അബൂദബി പിൻവലിച്ചത്. രാത്രി 12 മുതൽ പുലർച്ചെ അഞ്ച് വരെ നടത്തിയ ദേശീയ അണുനശീകരണ യഞ്ജം വിജയകരമാണെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു. ആഗസ്റ്റ് 20 മുതൽ ഭക്ഷണശാലകളും, വിനോദ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ കഴിയുന്നവരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, പ്രവേശനത്തിന് അൽഹൊസൻ ആപ്ലിക്കേഷനിൽ പച്ചനിറം നിർബന്ധമായിരിക്കും.

Advertising
Advertising

മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങളിലും മാറ്റമുണ്ട്. വാക്സിനേഷൻ സ്വീകരിച്ചവരാണെങ്കിൽ അൽഹൊസൻ ആപ്പിൽ പച്ചനിറവും ഇ അടയാളവുള്ളവർക്ക് പ്രവേശിക്കാം. ഏഴ് ദിവസത്തിനിടെ പിസിആർ പരിശോധന നടത്തിയവർക്കാണ് ഇ അടയാളം ലഭിക്കുക. വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായവർക്ക് നക്ഷത്രചിഹ്നവും ലഭിക്കും. ഇവർ പിന്നീട് അബൂദബി വിടുന്നില്ലെങ്കിൽ നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധനയുണ്ടാവില്ല. എന്നാൽ, വാക്സിൻ എടുക്കാത്തവർക്ക് അബൂദബിയിലേക്ക് പോകാൻ 48 മണിക്കൂർ മുമ്പെടുത്ത പിസിആർ പരിശോധനാഫലമോ, 24 മണിക്കൂർ മുമ്പെടുത്ത ഡിപിഐ ഫലമോ വേണം. പിസിആർ എടുത്തവർക്ക് നാലാം ദിവസവും, എട്ടാം ദിവസവും വീണ്ടും പിസിആർ എടുക്കണം. ഡിപിഐ എടുത്തവർ മൂന്നാം ദിവസവും ഏഴാം ദിവസവും പിസിആർ എടുക്കണം. മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നേരത്തേ പ്രഖ്യാപിച്ച പ്രോട്ടോകോളുകൾ ബാധകമായിരിക്കും.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News