സിറിയയിൽ ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ: രണ്ടിടങ്ങളിൽ യു.എസ് ബോംബാക്രമണം
സിറിയൻ ആക്രമണം നിലവിലെ ആണവ കരാർ ചർച്ചകളെ ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ്
സിറിയയിലെ ഇറാൻ മിലീഷ്യ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി അമേരിക്ക. തങ്ങളുടെ സൈനികരുടെ ജീവന് ഭീഷണി ഉയർത്തുന്നവർക്കെതിരെ കടുത്ത നടപടി ഇനിയും തുടരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. അതേ സമയം സിറിയൻ ആക്രമണം നിലവിലെ ആണവ കരാർ ചർച്ചകളെ ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിറിയയലിലെ ഇറാൻ അനുകൂല മിലീഷ്യക്കെതിരെ സൈനിക നീക്കം അമേരിക്ക തുടരുകയാണ്. വ്യാഴാഴ്ച മാത്രം രണ്ടിടങ്ങളിലാണ് അമേരിക്കൻ വിമാനങ്ങൾ ബോംബ് വർഷിച്ചത്. സിറിയയിൽ സൈനിക പരിശീലനത്തിനെത്തിയ ഇറാൻ റവല്യൂഷനറി ഗാർഡ് ജനറൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. യു.എസ് സൈനിക കേന്ദ്രത്തിനു നേരെ മിസൈൽ ആക്രമണം നടന്നതായി ആരോപിച്ചാണ് അമേരിക്കൻ സേനയുടെ പുതിയ തിരിച്ചടി. തങ്ങളുടെ സൈന്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നീക്കവും തുടരുമെന്ന് പെന്‍റഗൺ അറിയിച്ചു. മിലീഷ്യകളെ മുൻനിർത്തി മേഖലയിൽ കാലുഷ്യം പടർത്താനുള്ള നീക്കമാണ് ഇറാൻ നടത്തുന്നതെന്നും അമേരിക്ക ആരോപിച്ചു. എന്നാൽ ആണവ കരാർ ചർച്ചകൾക്ക് സിറിയൻ സംഘർഷം തടസമാകില്ലെന്ന് യൂറോപ്യൻ നേതാക്കളെ അമേരിക്ക അറിയിച്ചിട്ടുണ്ട്. അതേ സമയം സിറിയയിൽ ഇസ്രായേലും അമേരിക്കയും നടത്തുന്ന സൈനിക നടപടി ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി