മസ്ജിദുൽ അഖ്‌സയിൽ വീണ്ടും ഇസ്രായേൽ സൈന്യത്തിന്റെ കടന്നുകയറ്റം
മുസ്‌ലിംകളുടെ വിശുദ്ധ ദേവാലയത്തിന് നേർക്കുള്ള ഇസ്രായേൽ സൈനിക നടപടിയെ അറബ് രാജ്യങ്ങൾ അപലപിച്ചു
ജറുസലേം: മസ്ജിദുൽ അഖ്‌സയിൽ വീണ്ടും ഇസ്രായേൽ സൈന്യത്തിന്റെ കടന്നുകയറ്റം. പള്ളിയിൽ പ്രാർത്ഥനക്കെത്തിയ നിരവധി പേർക്ക് പരിക്കേറ്റു. മുസ്‌ലിംകളുടെ വിശുദ്ധ ദേവാലയത്തിന് നേർക്കുള്ള ഇസ്രായേൽ സൈനിക നടപടിയെ അറബ് രാജ്യങ്ങൾ അപലപിച്ചു. ഇന്നലെ രാത്രിയും ഇന്ന് വെളുപ്പിനുമാണ് ഇസ്രായേൽ സുരക്ഷാ വിഭാഗം മസ്ജിദ് അഖ്‌സയിൽ വിശ്വാസികൾക്ക് നേരെ ബലപ്രയോഗം നടത്തിയത്.
12 പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ അധികൃതർ അറിയിച്ചു. ഇസ്രായേൽ കുടിയേറ്റക്കാരെ പള്ളിയിൽ പ്രവേശിപ്പിക്കാൻ സൈന്യം നടത്തിയ നീക്കത്തെ വിശ്വാസികൾ എതിർത്തു. അക്രമത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ പോലും ഇസ്രായേൽ സുരക്ഷാ സേന അനുവദിചില്ല.വിശുദ്ധ റമദാനിൽ മസ്ജിദ് അഖ്‌സക്ക് നേരെ നടന്ന അതിക്രമം പൊറുക്കില്ലെന്നും ഇസ്രയേലിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് തുടരുമെന്നും ഹമാസ്, ഇസ്‌ലാമിക് ജിഹാദ് പോരാളി സംഘടനകൾ വ്യക്തമാക്കി. അടിയന്തര അറബ് ലീഗ് നേതൃയോഗം ചേർന്ന് ഇസ്രായേൽ നടപടിയെ കടുത്ത ഭാഷയിൽ അപലപിച്ചു. മസ്ജിദുൽ അഖ്‌സയിൽ നിന്നും മറ്റുമായി 400ഓളം ഫലസ്തീൻകാരെ ഇസ്രായേൽ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇസ്രായേൽ, ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ നടപടി വേണമെന്നു അമേരിക്കയും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു.