സൗദിയുടെ 'തവക്കൽനാ' മികച്ച അറബ് ഗവൺമെന്റ് ആപ്പ്
2025 അറബ് ഗവൺമെന്റ് എക്‌സലൻസ് അവാർഡ്സിലാണ് നേട്ടം
റിയാദ്: നാലാമത് അറബ് ഗവൺമെന്റ് എക്സലൻസ് അവാർഡിൽ സൗദി അറേബ്യയുടെ സമഗ്ര ദേശീയ ആപ്ലിക്കേഷനായ 'തവക്കൽനാ' മികച്ച അറബ് സ്മാർട്ട് ഗവൺമെന്റ് ആപ്ലിക്കേഷനുള്ള പുരസ്കാരം സ്വന്തമാക്കി. കെയ്റോയിലെ അറബ് ലീഗിന്റെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപനം.
അറബ് ലോകത്തെ നൂതന വിദ്യകളും ഗുണനിലവാരവും പ്രോത്സാഹിപ്പിക്കുന്നതിനാണ് അറബ് ലീഗ് എക്സലൻസി പുരസ്കാരം സംഘടിപ്പിക്കുന്നത്. അറബ് മേഖലയിലെ ഇത്തരം ആപ്പുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആപ്പാണിത്. ഗവൺമെന്റ്-സ്വകാര്യ സ്ഥാപനങ്ങളുമായി സമന്വയിച്ചാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതും സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതുമാണ് നേട്ടത്തിനു കാരണം.
1100ൽ കൂടുതൽ സേവനങ്ങൾ ഇതിലൂടെ നൽകാനായെന്ന് അധികൃതർ വ്യക്തമാക്കി. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളിലൊന്നായ ഗവൺമെന്റ് സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുകയെന്നതടക്കമുള്ള ലക്ഷ്യങ്ങൾ നേടുന്നതിന് തവക്കൽനാ സഹായകമാകുമെന്നും വിലയിരുത്തലുകളുണ്ട്.