കുവൈത്തിൽ മൂന്നു മാസത്തിനിടെയെത്തിയത് 22,000 വിദേശികൾ, 13,558 ഇന്ത്യക്കാർ

പുതുതായി കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ 19,532 പേർ ഗാർഹികത്തൊഴിലാളി വിസയിലാണ് എത്തിയത്

Update: 2022-06-28 18:09 GMT
Advertising

കുവൈത്തിൽ ഈ വർഷത്തിലെ ആദ്യ മൂന്നു മാസത്തിനിടെ 22000 വിദേശികൾ പുതുതായി എത്തിയതായി കണക്കുകൾ. ഇവരിൽ 13558 പേർ ഇന്ത്യക്കാരാണ്. ഗാർഹികമേഖലയിലേക്കാണ് ഇന്ത്യയിൽ നിന്ന് കൂടുതൽ തൊഴിലാളികൾ എത്തിയതെന്നും മാൻപവർ അതോറിറ്റിയുടെ സ്റ്റാറ്റിസ്റ്റിക് റിപ്പോർട്ട് വ്യക്തമാക്കി. 2022 ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെ കുവൈത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട വിദേശ തൊഴിലാളികളുടെ കണക്കാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക് അതോറിറ്റിയുടെ സഹായത്തോടെ മാൻപവർ അതോറിറ്റി പുറത്തു വിട്ടത്. ഇതനുസരിച്ചു 22000 തൊഴിലാളികളാണ് പുതുതായി കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. ഇവരിൽ 19,532 പേർ ഗാർഹികത്തൊഴിലാളി വിസയിലാണ് എത്തിയത്. പുതുതായി കുവൈത്തിലെത്തിയ വിദേശികളിൽ 88.9 ശതമാനം ഗാർഹിക ജോലിക്കാർ ആണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഗാർഹിക വിസയിൽ ഏറ്റവും കൂടുതൽ റിക്രൂട്‌മെന്റ് നടന്നത് ഇന്ത്യയിൽ നിന്നാണ്. 11,591 ഇന്ത്യക്കാരാണ് 20ാം നമ്പർ വിസയിൽ ഗാർഹിക ജോലിക്ക് കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. ഇന്ത്യ കഴിഞ്ഞാൽ ഗാർഹിക മേഖലയിലേക്ക് കൂടുതൽ പേർ വന്നത് ഫിലിപ്പീൻസിൽ നിന്നാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, ബെനിൻ, സുഡാൻ. എന്നീ രാജ്യങ്ങളാണ് ഈ വർഷം കുവൈത്തിലേക്ക് ഗാർഹിക ജോലിക്കാരെ അയച്ച മറ്റു രാജ്യങ്ങൾ.

കോവിഡിനു മുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ചു ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്‌മെന്റിൽ വർധനവും സ്വകാര്യ തൊഴിൽ മേഖലയിലേക്കുള്ള റിക്രൂട്മെന്റിൽ കുറവുമാണ് ഈ വർഷം ആദ്യ പാദത്തിൽ രേഖപ്പെടുത്തിയത്. 1967 പേരാണ് സ്വകാര്യ തൊഴിൽ മേഖലയിലെക്കുള്ള ആർട്ടിക്കിൾ 18 വിസയിൽ കുവൈത്തിൽ പുതുതായി ജോലി നേടിയത്. സ്വകാര്യ തൊഴിൽ മേഖലയിൽ നിന്ന് ഇന്ത്യക്കാരുടെ കൊഴിഞ്ഞു പോക്ക് വർധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News