2025 ആദ്യ പാദം: കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് 763.5 മില്യൺ ദിനാർ ലാഭം
ബാങ്കിംഗ്, ടെലികോം, ലോജിസ്റ്റിക്‌സ് മേഖലകളിലാണ് പ്രധാന നേട്ടം
കുവൈത്ത് സിറ്റി: 2025ന്റെ ആദ്യ പാദത്തിൽ കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. ലിസ്റ്റ് ചെയ്ത 134 കമ്പനികൾ ചേർന്ന് 763.5 ദശലക്ഷം കുവൈത്ത് ദിനാർ അറ്റാദായം നേടിയതായി അൽ ഷാഹിൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ ഇതേ പാദത്തേക്കാൾ മികച്ച മുന്നേറ്റമാണിത്.
റിപ്പോർട്ട് പ്രകാരം, 71 കമ്പനികൾ മികച്ച നേട്ടം കൈവരിച്ചപ്പോൾ, 63 കമ്പനികൾക്ക് സാമ്പത്തിക ഇടിവ് നേരിട്ടു. എണ്ണവിലയിലെ സ്ഥിരതയും സർക്കാരിന്റെ വികസന പദ്ധതികളിലേക്കുള്ള ചെലവുകളും വിപണിക്ക് വലിയ പിന്തുണ നൽകി.
ബാങ്കിംഗ്, ടെലികോം, ലോജിസ്റ്റിക്‌സ് മേഖലകളിലെ കമ്പനികളാണ് ലാഭത്തിൽ പ്രധാനമായും മുന്നിട്ടുനിന്നത്. അതേസമയം, ഉപഭോക്തൃ മേഖലയിലും ഇൻഡസ്ട്രിയൽ മേഖലയിലും ചില കമ്പനികൾക്ക് നഷ്ടം നേരിട്ടു. അടുത്ത പാദത്തിലും മികച്ച മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നതെങ്കിലും ചില മേഖലകളിൽ വെല്ലുവിളികൾ തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.