കുവൈത്തിലെ അൽ സൂർ ജല ശുദ്ധീകരണ കേന്ദ്രത്തിൽ വെള്ളച്ചോർച്ച; പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു

40.5 കോടി ലിറ്റർ വെളളത്തിന്റെ നഷ്ടം

Update: 2025-12-11 15:02 GMT
Editor : Mufeeda | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ സൂർ നോർത്ത് സ്റ്റേഷനിൽ ജല ശുദ്ധീകരണ കേന്ദ്രത്തിൽ ഉണ്ടായ വൻ ചോർച്ചയെ തുടർന്ന് ശുദ്ധീകരണ യൂണിറ്റുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ മാത്രം 40.5 കോടി ലിറ്റർ വെളളം ശുദ്ധജലത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

അടിയന്തര അറ്റകുറ്റപ്പണി സംഘങ്ങൾ എത്തി ഉടൻ തന്നെ തകരാർ കണ്ടെത്തുകയും നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്തു. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയവുമായി ഉടമ്പടി ചെയ്ത ഉൽപാദന ശേഷിയിലേക്ക് സ്റ്റേഷൻ വേഗം മടക്കിക്കൊണ്ടുവരുമെന്ന് ഉറപ്പാക്കി അറ്റകുറ്റപ്പണികൾ ആരംഭിച്ചു.

Advertising
Advertising

ഉത്പാദനത്തിലുള്ള കുറവ് ജലവിതരണത്തെ ബാധിക്കാതിരിക്കാൻ രാജ്യത്തിന്റെ തന്ത്രപ്രധാനമായ ജലശേഖരത്തിൽ നിന്ന് കുറവ് നികത്തുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഡിസ്റ്റില്ലറുകൾ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, വൈദ്യുതി- ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം പുതുതായി നിർദേശിക്കപ്പെട്ട സംഘടനാ ഘടനയ്ക്ക് സിവിൽ സർവീസ് ബ്യൂറോയുടെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. വൈദ്യുതി പ്രസരണ ശൃംഖലയെ നിരീക്ഷണ-നിയന്ത്രണ കേന്ദ്ര മേഖലയുമായി ലയിപ്പിക്കുക, ജല പ്രവർത്തന-പരിപാലന മേഖലയെ ജല പദ്ധതി മേഖലയുമായി സംയോജിപ്പിക്കുക തുടങ്ങിയ പ്രധാന മാറ്റങ്ങളാണ് നിർദ്ദിഷ്ട ഘടനയിൽ ഉൾപെടുത്തിയിട്ടുള്ളത്.

അംഗീകാരം ലഭിച്ചാൽ, ധനകാര്യ മന്ത്രിയും സാമ്പത്തിക-നിക്ഷേപ കാര്യ സഹമന്ത്രിയുമായ ഡോ.സുബൈഹ് അൽ മുഖൈസീം ഔദ്യോഗികമായി ഇത് നടപ്പാക്കും. കൂടാതെ, പല പുതിയ വകുപ്പുകളും രൂപീകരിക്കുന്നതോടൊപ്പം ചിലത് നിർത്തലാക്കുകയും ചെയ്യും. അടുത്ത ആഴ്ച തന്നെ പുതിയ ഘടനയ്ക്ക് അംഗീകാരം ലഭിക്കുമെന്നും തുടർന്ന് ഡയറക്ടർ ജനറൽ തസ്തികയിലേക്കുള്ള നാമനിർദേശങ്ങളും മേൽനോട്ട ചുമതലകളിലെ ഒഴിവുകളും പൂരിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News