യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ബിഷ്തും

ഗൾഫ്, അറബ് പൈതൃകത്തിന്റെ പ്രതീകമായാണ് ബിഷ്തിനെ കാണുന്നത്

Update: 2025-12-10 12:32 GMT

ദോഹ: യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക (Intangible Cultural Heritage ) പട്ടികയിൽ അറബികളുടെ ബിഷ്തും. ഇന്ത്യയിൽ നടക്കുന്ന യുനെസ്‌കോ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇന്റർഗവൺമെന്റൽ കമ്മിറ്റിയുടെ 20-ാമത് സെഷനിലാണ് ബിഷ്തിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഡിസംബർ 13 വരെയാണ് പരിപാടി നടക്കുന്നത്. ഒമ്പത് അറബ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഖത്തറിന്റെ നേതൃത്വത്തിലാണ് ബിഷ്തിനെ പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശം സമർപ്പിച്ചിരുന്നത്.

ഗൾഫ്, അറബ് പൈതൃകത്തിന്റെ പ്രതീകമായാണ് ബിഷ്തിനെ കാണുന്നത്. യുഎഇ, ഖത്തർ, ബഹ്റൈൻ, ഇറാഖ്, ജോർദാൻ, കുവൈത്ത്, ഒമാൻ, സൗദി, സിറിയ തുടങ്ങിയ രാജ്യങ്ങളിലാണ് ബിഷ്ത് ധരിച്ചുവരുന്നതതെന്ന് യുനെസ്‌കോ പറഞ്ഞു. ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പിൽ അർജന്റീന ജേതാക്കളായതിനെ തുടർന്ന് നായകൻ ലയണൽ മെസ്സിയെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ-ഥാനി ഖത്തറി ബിഷ്ത് അണിയിച്ചത് ഏറെ വൈറലായിരുന്നു.

Advertising
Advertising

അറബ് സമൂഹങ്ങളിൽ അന്തസ്സ്, സാമൂഹിക പദവി തുടങ്ങിയവയുടെ പ്രതീകമാണ് ബിഷ്ത്. ഔദ്യോഗിക, ദേശീയ, സാമൂഹിക അവസരങ്ങളിലാണിത് ധരിക്കാറുള്ളത്. കൈകൊണ്ട് നെയ്തുണ്ടാക്കുന്ന ബിഷ്ത് പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തെ പ്രതിഫലിപ്പിക്കുന്നതുമാണ്. ജനനം, വിവാഹം, ഖബറടക്കം, ഇതര ചടങ്ങുകൾ, ഉത്സവങ്ങൾ തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത പുറം വസ്ത്രമാണ് ബിഷ്ത്. പ്രദേശം, സീസൺ, സമയം എന്നിവ അനുസരിച്ച് ഇതിന്റെ ശൈലി വ്യത്യാസപ്പെടും. കമ്പിളി, ഒട്ടകത്തിന്റെയോ ആടിന്റെയോ രോമം പോലുള്ള പ്രകൃതിദത്ത വസ്തുക്കളിൽ നിന്നാണ് ഈ വസ്ത്രം നിർമിക്കുക.

ഇന്റർഗവൺമെന്റൽ കമ്മിറ്റിയുടെ 20-ാമത് സെഷനിൽ ഖത്തറടക്കം വിവിധ അറബ് രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. ഖത്തർ പ്രതിനിധി സംഘത്തെ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുറഹ്‌മാൻ ബിൻ ഹമദ് ആൽ-ഥാനിയാണ് നയിച്ചത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News