ഏഷ്യൻ യൂത്ത് പാരാ ഗെയിംസിന് ദുബൈയിൽ തുടക്കം
ഡിസംബർ 13 വരെയാണ് ഗെയിംസ്
ദുബൈ: 2025 ഏഷ്യൻ യൂത്ത് പാരാ ഗെയിംസിന് (AYPG) ദുബൈയിൽ തുടക്കം. യുഎഇ ദേശീയ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ദുബൈ സ്‌പോർട്‌സ് കൗൺസിൽ ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു.
ഇതുവരെ നടന്നതിൽ വെച്ചുള്ള ഏറ്റവും വലിയ ഗെയിംസാണ് ദുബൈയിലേത്. 35 രാജ്യങ്ങളിൽ നിന്നായി 1,500 അത്ലറ്റുകൾ 11 കായിക ഇനങ്ങളിൽ മത്സരിക്കുന്നുണ്ട്. ഡിസംബർ 10 മുതൽ 13 വരെ ദുബൈയിലെ എട്ട് ലോകോത്തര വേദികളിലായാണ് ഗെയിംസ് നടക്കുന്നത്.
ദുബൈ ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനിലാണ് ഗെയിംസ് ഉദ്ഘാടനം നടന്നത്. സൗദി ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രിൻസ് ഫഹദ് ബിൻ ജലവി ബിൻ അബ്ദുൽ അസീസ് ബിൻ മുസാഇദ് പങ്കെടുത്തു. ഏഷ്യൻ പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റ് മാജിദ് റാഷിദ്, ഏഷ്യൻ പാരാലിമ്പിക് കമ്മിറ്റികളുടെ തലവന്മാർ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന ദിനത്തിൽ സൗദി ടീം എട്ട് മെഡലുകൾ നേടി. ഒരു സ്വർണം, അഞ്ച് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ എട്ട് മെഡലുകളാണ് ബുധനാഴ്ച ടീം നേടിയത്. നീന്തൽ, ഭാരോദ്വഹനം എന്നീ ഇനങ്ങളിലാണ് നേട്ടം.