റഷ്യ-യുക്രൈൻ സമാധാന ചർച്ച; രണ്ടാം ​ഘട്ടത്തിന് അബൂദബിയിൽ തുടക്കം

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന പദ്ധതി ആസ്പദമാക്കിയാണ് ചർച്ച

Update: 2026-02-04 12:46 GMT
Editor : Mufeeda | By : Web Desk

അബൂദബി: യുഎസ് മധ്യസ്ഥതയിൽ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചയുടെ രണ്ടാം ഘട്ടത്തിന് അബൂദബിയിൽ തുടക്കമായി. റഷ്യ-യുക്രൈൻ രാജ്യങ്ങളിലെ ഉന്നതതല പ്രതിനിധി സംഘങ്ങൾ ചർച്ചയ്ക്കായി അബൂദബിയിൽ എത്തി. നാല് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ പോരാട്ടം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയെ ആസ്പദമാക്കിയാണ് ചർച്ചകൾ നടക്കുന്നത്. യുക്രൈൻ പ്രതിനിധി സംഘത്തെ നാഷണൽ സെക്യൂരിറ്റി ആന്റ് ഡിഫൻസ് കൗൺസിൽ തലവൻ റുസ്തം ഉമറോവാണ് നയിക്കുന്നത്. റഷ്യൻ സംഘത്തിന് നേതൃത്വം നൽകുന്നത് മിലിട്ടറി ഇൻ്റലിജൻസ് ഡയറക്ടർ ഇഗോർ കോസ്റ്റ്യുക്കോവ് ആണ്. അമേരിക്കയെ പ്രതിനിധീകരിച്ച് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും എത്തിയിട്ടുണ്ട്.

Advertising
Advertising

ചർച്ചകൾക്ക് തൊട്ടുമുമ്പ് യുക്രൈനിലെ ഊർജ നിലയങ്ങൾക്ക് നേരെ റഷ്യ നടത്തിയ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ധാരണ റഷ്യ ലംഘിച്ചതായി ഉയുക്രൈൻ പ്രസിഡന്റ് വ്ലാദമിർ സെലെൻസ്‌കി കുറ്റപ്പെടുത്തി. തണുപ്പ് കഠിനമായ സാഹചര്യത്തിൽ വൈദ്യുതിയും ചൂടും നിലയ്ക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുണ്ടെന്നും, ഇതിനനുസരിച്ച് ചർച്ചകളിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം നടന്ന ആദ്യഘട്ട ചർച്ചകളിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും നിർണായകമായ തീരുമാനങ്ങളൊന്നും എടുക്കാൻ സാധിച്ചിരുന്നില്ല. രണ്ട് ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ രണ്ടാം ഘട്ട ചർച്ചകൾ. ഈ മാസം യുദ്ധത്തിൻ്റെ നാലാം വാർഷികം തികയാനിരിക്കെ, ഒരു വെടിനിർത്തൽ കരാറിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News