ഡ്രൈവറില്ലാ കുഞ്ഞൻ ടാക്സി!; ദുബൈയിൽ 'പോഡ് ടാക്സികൾ' വരുന്നു
നാല് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് സർവീസ്
ദുബൈ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഡ്രൈവറില്ലാ പോഡ് ടാക്സികൾ അവതരിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈയിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിലാണ് 'റെവല്യൂഷനൈസ് അർബൻ മൊബിലിറ്റി' എന്ന പദ്ധതിയുടെ ആദ്യ മാതൃക അവതരിപ്പിച്ചത്. ഗതാഗതം സുഗമമാക്കുന്നതിനായി പ്രത്യേക ട്രാക്കുകളിലൂടെ പ്രവർത്തിപ്പിക്കാവുന്ന ചെറു വാഹനങ്ങളാണ് ഇലക്ട്രിക് പോഡുകൾ. ഒറ്റ ചാർജിങ്ങിൽ 250 കി.മീ സഞ്ചരിക്കാൻ ശേഷിയുള്ള പോഡുകളിൽ പരമാവധി 6 പേർക്ക് യാത്ര ചെയ്യാം.
മണിക്കൂറിൽ 50 കി.മീ സഞ്ചരിക്കാൻ ശേഷിയുള്ള ഇവയിലൂടെ ഓരോ മണിക്കൂറിലും ഇരുവശങ്ങളിലേക്കുമായി 10,000-ത്തിലധികം യാത്രക്കാരെ വഹിക്കാനാകും. അത്യാധുനിക സെൻസറുകൾ, ടിക്കറ്റ് സ്കാനിങ് സൗകര്യം, അടിയന്തര സാഹചര്യങ്ങൾക്കായി SOS ബട്ടൺ എന്നിവ വാഹനത്തിനുള്ളിലുണ്ടാകും. ബ്ലൂവാട്ടർ ഐലന്റ്, ഉമ്മു സുഖൈം, അൽ ഖൂസ്, ദുബൈ ഫെസ്റ്റിവൽ സിറ്റി എന്നീ പ്രധാനപ്പെട്ട 4 മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചായിരിക്കും സർവീസ്.
നാഷണൽ പെയിന്റ്‌സ് മെട്രോ സ്റ്റേഷൻ മുതൽ ബ്ലൂവാട്ടർ ഐലൻഡ് വരെ 2.8 കി.മീ ദൂരമുള്ളതാണ് ബ്ലൂവാട്ടർ ഐലൻഡ് റൂട്ട്. മാൾ ഓഫ് ദി എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ മുതൽ മദീനത്ത് ജുമൈറ വരെ 1.9 കി.മീ ദൂരത്തിലുള്ളതാകും ഉമ്മു സുഖൈം റൂട്ട്. അൽ ഖൂസ് റൂട്ട് ഓൺപാസീവ് മെട്രോ സ്റ്റേഷൻ മുതൽ അൽസർക്കൽ അവന്യൂ, ടൈംസ് സെന്റർ സ്ക്വയർ വരെ 2.6 കി.മീ ദൂരത്തിലുള്ളതാണ്. ഇവയിൽ ഏറ്റവും നീളമേറിയ പാതയായ ദുബായ് ഫെസ്റ്റിവൽ സിറ്റി റൂട്ട് 7 കി.മീ ദൂരത്തിലായിരിക്കും. നിർമാണം പൂർത്തിയായി വരുന്ന ദുബൈ മെട്രോ ബ്ലൂലൈനുമായി ബന്ധിപ്പിച്ചായിരിക്കും ഇത് പ്രവർത്തിക്കുക.
കാലിഫോർണിയ ആസ്ഥാനമായുള്ള 'ഗ്ലൈഡ്‌വേയ്‌സ്' എന്ന കമ്പനിയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. നിലവിലുള്ള റോഡുകൾക്ക് അരികിലോ, ഭൂമിക്കടിയിലോ, ആകാശപാതകളായോ സാധാരണ സൈക്കിൾ പാതകളുടെ വീതിയുള്ള ഈ പ്രത്യേക ട്രാക്കുകൾ നിർമിക്കാം. സാധാരണ ഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് നിർമാണച്ചെലവിൽ 90 ശതമാനവും പ്രവർത്തനച്ചെലവിൽ 70 ശതമാനവും ലാഭിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. സമാനമായ പദ്ധതി നടപ്പിലാക്കുന്നതിനായി അബൂദബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസുമായി ഗ്ലൈഡ്‌വേയ്‌സ് നേരത്തെ കരാറിൽ ഒപ്പിട്ടിരുന്നു. പദ്ധതിയുടെ നിർമാണ കാലാവധി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.