അബ്ദലി എണ്ണ ഖനന കേന്ദ്രത്തിൽ മരണപ്പെട്ട മലയാളികൾക്ക് ജന്മനാട്ടിൽ അന്ത്യനിദ്ര
ഇരുവരും ഈ ആഴ്ച നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു അപകടം
Update: 2025-11-14 15:39 GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലി എണ്ണ ഖനന കേന്ദ്രത്തിലെ അപകടത്തിൽ മരിച്ച മലയാളികളായ നിഷിൽ സദാനന്ദനും സുനിൽ സോളമനും നാട്ടിൽ അന്ത്യനിദ്ര. നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച രാത്രിയാണ് നാട്ടിലേക്കു കൊണ്ടുപോയത്. നിഷിലിന്റെ മൃതദേഹം കൊച്ചിയിലും സുനിലിന്റെ ശരീരം തിരുവനന്തപുരത്തുമായി എത്തിച്ചു.
സബാഹ് മോർച്ചറിയിൽ നടന്ന പൊതുദർശനത്തിൽ വലിയ രീതിയിൽ പ്രവാസി സമൂഹം പങ്കെടുത്തിരുന്നു. ബുധനാഴ്ച രാവിലെ റിഗിൽ ജോലി ചെയ്യുന്നതിനിടെ തലക്ക് ഗുരുതര പരിക്ക് പറ്റിയതാണ് മരണകാരണം.
ഗർഭിണിയായ ഭാര്യയെ കാണാൻ അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കെയാണ് നിഷിലിനെ തേടി ദുരന്തമെത്തുന്നത്. ഈ ആഴ്ച നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു സുനിൽ സോളമനും. സുനിലിന്റെ മൃതദേഹത്തോടൊപ്പം ഭാര്യ സജിതയും അനുഗമിച്ചു.