ജലീബ് അൽ ഷുയൂഖിൽ വ്യാജ പെർഫ്യൂം ഫാക്ടറി; മൂന്ന് ഏഷ്യക്കാർ അറസ്റ്റിൽ
അനധികൃതമായി പ്രവർത്തിച്ചിരുന്ന ഫാക്ടറി അധികൃതർ പൊളിച്ചുമാറ്റി
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ വ്യാജ പെർഫ്യൂം ഫാക്ടറി നടത്തിയ മൂന്ന് ഏഷ്യക്കാർ അറസ്റ്റിൽ. വാണിജ്യ തട്ടിപ്പ് കുറ്റം ചുമത്തിയാണ് അറസ്റ്റ്. ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് ഫാക്ടറി കണ്ടെത്തിയത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന ഫാക്ടറി അധികൃതർ പൊളിച്ചുമാറ്റി.
കുവൈത്തിൽ വരാനിരിക്കുന്ന പെർഫ്യൂം എക്സിബിഷനോടനുബന്ധിച്ച് പ്രാദേശിക വിപണിയിൽ എത്തിക്കുന്നതിനുള്ള പ്രാദേശിക, അന്താരാഷ്ട്ര പെർഫ്യൂമുകളുടെ വ്യാജ ശേഖരമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും ഏകോപനത്തോടെയായിരുന്നു പരിശോധന.
15000ത്തിലേറെ പെർഫ്യൂം പാക്കേജിങ് ബോക്സുകളും വിൽപനയ്ക്ക് തയ്യാറാക്കിയ 28,000 കുപ്പികളും പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചു. പൊതു സുരക്ഷയെയോ, സാമ്പത്തിക സുരക്ഷയെയോ ബാധിക്കുന്ന സംശയാസ്പദമായ പ്രവർത്തനങ്ങൾ 112 എന്ന അടിയന്തര നമ്പറിൽ വിളിച്ചോ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.