വിശുദ്ധിയുടെ പൂർണതയിൽ ഒമാനിലെ ചെറിയ പെരുന്നാളാഘോഷം
ഒമാന്‍റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്
ഒമാനിലെ പെരുന്നാള്‍ നമസ്കാരത്തില്‍ നിന്ന്
മസ്കത്ത്: വ്രതനുഷ്ഠാനത്തിലൂടെ കൈവരിച്ച വിശുദ്ധിയുടെ പൂർണതയിൽ ഒമാനിലെ വിശ്വാസി സമൂഹം കേരളത്തിനൊപ്പം ചെറിയ പെരുന്നാൾ ആഘോഷിച്ചു.ഒമാന്‍റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ഇതര ജി.സി.സി രാജ്യങ്ങളിൽ വെള്ളിയാഴ്ചയായിരുന്നു പെരുന്നാൾ.
മസ്കത്ത്, സീബ്, സലാല, ഖദറ തുടങ്ങി ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരവും നടന്നു. പെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളടക്കം ആയിരകണക്കിനാളുകൾ ആണ് പങ്കെടുത്ത്. അസൈബയിൽ നടന്ന ഈദ്ഗാഹിന് ടി. മുഹമ്മദ് വേളം, മബേല മാൾ ഓഫ് മസ്കറ്റിനു സമീപം നടന്ന ഈദ്ഗാഹിന് ഡോ. നഹാസ് മാളയും നേതൃത്വം നൽകി. മസ്കത്ത് ഗവർണറേറ്റിലെ അൽഖോർ മസ്ജിദിലാണ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്‌കാരം നിർവഹിച്ചത്.
സുൽത്താന്‍റെ സായുധ സേനയുടെ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, മറ്റ് സുരക്ഷാ ഏജൻസികൾ എന്നിവയുടെ ഉദ്യോഗസ്ഥർമാർ, ഒമാനിലെ ഇസ്‌ലാമിക രാജ്യങ്ങളുടെ അംബാസഡർമാർ തുടങ്ങി നിരവധി പ്രമുഖർ ഇവിടെ പ്രാർഥനയിൽ പങ്കാളികളായി. പെരുന്നാൾ നമസ്കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരുന്നു വിശ്വാസികൾ ഈദ്ഗാഹുകളിൽ നിന്ന് പിരിഞ്ഞത്.