ഇലക്ട്രിക് വാഹനനിർമാണം; 370 കോടി വരുന്ന 16 കരാറുകളിലൊപ്പിട്ട് സൗദി കമ്പനി 'സീർ'
റിയാദിൽ നടന്ന പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആന്റ് പ്രൈവറ്റ് സെക്ടർ ഫോറത്തിലാണ് പുതിയ കരാറുകൾക്ക് ധാരണയായത്
റിയാദ്: സൗദി അറേബ്യയുടെ ഇലക്ട്രിക് വാഹന ബ്രാൻഡായ സീർ 370 കോടിയുടെ 16 പുതിയ വ്യാപാര കരാറുകളിൽ ഒപ്പുവെച്ചു. റിയാദിൽ നടന്ന പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആന്റ് പ്രൈവറ്റ് സെക്ടർ ഫോറത്തിലാണ് പുതിയ കരാറുകൾക്ക് ധാരണയായത്.
2034 ഓടെ വാഹന നിർമ്മാണത്തിന് ആവശ്യമായ 45% ഭാഗങ്ങളും സൗദിയിൽ തന്നെ നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ സൗദിയെ ആഗോള തലത്തിലുള്ള വിതരണക്കാരായി വളർത്താൻ സാധിക്കുമെന്ന് കമ്പനി സിഇഒ ജയിംസ് ഡെ ലൂക പറഞ്ഞു. 2034 ഓടെ സൗദി അറേബ്യയുടെ ജിഡിപിയിൽ 30 ബില്യൺ റിയാലിന്റെ സംഭാവന നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൊത്തം സമ്പദ്‌വ്യവസ്ഥയിൽ ഏകദേശം 79 ബില്യൺ റിയാലിന്റെ പുരോഗതിക്കും ഇത് കാരണമാകും.
പദ്ധതിയിലൂടെ രാജ്യത്ത് 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഡി ലൂക വ്യകത്മാക്കി. കാറുകളുടെ വിൻഡോ റെഗുലേറ്ററുകൾ, ഡോർ ഹിംഗുകൾ, ഹീറ്റിംഗ്, വെന്റിലേഷൻ സിസ്റ്റങ്ങൾ എന്നിവ തദ്ദേശീയമായി നിർമ്മിക്കുന്നതിനും ധാരണയായിട്ടുണ്ട്.