ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ സിസിടിവി കവറേജ് വർധിപ്പിക്കുന്നു
ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പുറപ്പെടുവിച്ച ഏറ്റവും പുതിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ സി.സി.ടി.വി കവറേജ് വർധിപ്പിക്കുന്നു. നിലവിൽ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും സി.സി.ടി.വി സംവിധാനങ്ങൾ ഉണ്ടെങ്കിലും കാമ്പസിലുടനീളം സമഗ്ര നിരീക്ഷണം ഉറപ്പാക്കുന്നതിനായാണ് ക്യാമറകളുടെ എണ്ണം വർധിപ്പിക്കുന്നത്. വിദ്യാർഥികളുടെ സുരക്ഷ സംരക്ഷിക്കുന്നതിന് സി.സി.ടി.വി കവറേജ് നിർബന്ധമാക്കുന്ന ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) പുറപ്പെടുവിച്ച ഏറ്റവും പുതിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതാത് സ്‌കൂളുകൾ ആരംഭിച്ചതു മുതൽ തങ്ങളുടെ എല്ലാ സ്‌കൂളുകളിലും സി.സി.ടി.വി നെറ്റ്വർക്കുകൾ പ്രവർത്തനക്ഷമമാണെന്ന് ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് സൽമാൻ വ്യക്തമാക്കി. നിലവിൽ, ബ്ലൈൻഡ് സ്‌പോട്ടുകളിൽ ക്യാമറകൾ സ്ഥാപിച്ച് കവറേജ് കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രക്രിയയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവീകരണങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ബജറ്റ് വകയിരുത്തിയിട്ടുണ്ട്. ക്ലാസ് മുറികൾ, ഇടനാഴികൾ, പ്രവേശന, എക്‌സിറ്റ് പോയിന്റുകൾ, മറ്റ് സെൻസിറ്റീവ് മേഖലകൾ എന്നിവിടങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കമെന്നാണ് സി.ബി.എസ്.ഇ അധികൃതരുടെ നിർദേശം. ദൃശ്യങ്ങൾ കുറഞ്ഞത് 30 ദിവസത്തേക്ക് സൂക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാകണം. പ്രത്യേകിച്ച് സ്‌കൂൾ സമയങ്ങളിലും പരീക്ഷാ സമയങ്ങളിലും. സുൽത്താനേറ്റിലെ 22 ഇന്ത്യൻ സ്‌കൂളുകളിലായി 45,000-ത്തിലധികം വിദ്യാർഥികളാണുള്ളത്.