തണുത്ത വായു പിണ്ഡം: ഒമാനിൽ ഇന്ന് മുതൽ താപനിലയിൽ വൻ ഇടിവ്, കാറ്റും തണുപ്പും കൂടും
മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്‌കത്ത്: ഒമാനിൽ തണുത്ത വായു പിണ്ഡം അനുഭവപ്പെടുന്നതായും ഇത് താപനിലയിൽ വൻ കുറവുണ്ടാക്കുകയും മിക്ക ഗവർണറേറ്റുകളിലും കാറ്റ് വർധിപ്പിക്കുകയും ചെയ്യുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച ഈ കാലാവസ്ഥ ആരംഭിച്ചതായും വരും ദിവസങ്ങളിൽ ഇത് തുടരുമെന്നും പ്രതീക്ഷിക്കുന്നതായും അധികൃതർ പറയുന്നു. താപനില കൂടുതൽ കുറയുമെന്നും ഇടയ്ക്കിടെ ശക്തമായ കാറ്റുണ്ടാകുമെന്നുമാണ് പ്രവചനം. തലസ്ഥാന നഗരമായ മസ്‌കത്ത് ഉൾപ്പെടെ ഒമാന്റെ പല ഭാഗങ്ങളിലും രാവിലെ മുതൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നുണ്ട്. തണുത്ത വായുപ്രവാഹം സുൽത്താനേറ്റിനെ ബാധിക്കുന്നതാണ് കാരണം. ഇത് താപനിലയിൽ വൻ കുറവുണ്ടാക്കുകയും നിരവധി പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയ്ക്കുകയും ചെയ്യുകയാണ്.
കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നുള്ള ഡാറ്റ പ്രകാരം രാവിലെ വരെ ഇബ്രിയിൽ 31 നോട്ട് വരെയും മസ്‌കത്തിലും ഫഹൂദിലും 26 നോട്ട് വരെയും മുദൈബിയിൽ 23 നോട്ട് വരെയും ജബൽ ഹരീമിലും ഹൈമയിലും 21 നോട്ട് വരെയും കാറ്റിന്റെ വേഗത രേഖപ്പെടുത്തിയിട്ടുണ്ട്. പൊടിപടലങ്ങൾ, പ്രക്ഷുബ്ധമായ കടൽ, ശക്തമായ കാറ്റ് എന്നിവ കാരണം ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില ജബൽ ഷംസിൽ രേഖപ്പെടുത്തി. -2.1 °C ആണ് രേഖപ്പെടുത്തിയത്. സൈഖ് 6.3°C, സുനൈന 9.9°C, യൻകുൽ 10.2°C, ബുറൈമി 10.5°C, മഹ്ദ 10.7°C എന്നിങ്ങനെയാണ് ഇതര സ്ഥലങ്ങളിലെ കുറഞ്ഞ താപനില.