താപനില കുറയുന്നു; ഒമാനിൽ നാളെ മുതൽ തണുപ്പേറും
മിക്ക ഗവർണറേറ്റുകളിലും താപനില ഗണ്യമായി കുറയുമെന്ന് അധികൃതർ
മസ്‌കത്ത്: വെള്ളിയാഴ്ച മുതൽ താപനിലയിൽ വൻ കുറവുണ്ടാകുന്നതോടെ ഒമാനിൽ തണുപ്പേറും. ഉൾനാടുകളിലും മരുഭൂമി പ്രദേശങ്ങളിലുമാണ് ഇതുവരെ സീസണിലെ ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.
മിക്ക ഗവർണറേറ്റുകളിലും താപനില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭിപ്രായപ്പെടുന്നത്. അതിരാവിലെയും വൈകുന്നേരങ്ങളിലുമാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. ഉൾപ്രദേശങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും ഏറെ തണുപ്പ് അനുഭവപ്പെടും.
ജബൽ അഖ്ദറിൽ സ്ഥിതി ചെയ്യുന്ന സൈഖ് വിലായത്തിൽ, ശനിയാഴ്ച പുലർച്ചയോടെ താപനില 2°C വരെ താഴുമെന്നാണ് പ്രവചിക്കപ്പെടുന്നത്. സോഹാറിലും ഇബ്രിയിലും കുറഞ്ഞ താപനില 10°C നും 14°C നും ഇടയിൽ ആയിരിക്കും. അതേസമയം ഹൈമയിലും ഖസബിലും 11°C നും 14°C നും ഇടയിൽ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മസ്‌കത്തിൽ കുറഞ്ഞ താപനില 17°C വരെയാണ് പ്രവചിക്കപ്പെടുന്നത്.