Writer - razinabdulazeez
razinab@321
മസ്കത്ത്: ഫാക് കുർബ കാമ്പയിനിലൂടെ ഒമാനിൽ റമദാനിലെ ആദ്യ രണ്ട് ആഴ്ചയിൽ ജയിൽ മോചനം സാധ്യമാക്കിയത് 725 തടവുകാർക്ക്. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലുകളിൽ കഴിയുന്നവരെ മോചിതരാക്കാൻ സഹായിക്കുന്നതാണ് കാമ്പയിൻ. ഒമാനി ലോയേഴ്‌സ് അസോസിയേഷനാണ് സംരംഭത്തതിന് നേതൃത്വം നൽകുന്നത്.
ആദ്യ ആഴ്ചയിൽ 397 തടവുകാരെ മോചിപ്പിച്ചെങ്കിൽ രണ്ടാം ആഴ്ചയിൽ 328 പേർക്ക് കൂടി കുടുബത്തോടൊപ്പം ചേരാനുള്ള അവസരം സൃഷ്ടിച്ചു. 2012 ൽ തുടങ്ങിയ കാമ്പയിനിന് ഇത്തവണയും വലിയ പിന്തുണയാണ് ലഭിക്കുന്നത്. പേര് വെളിപ്പെടുത്താത്ത വ്യക്തി ഇത്തവണയും 30 തടവുകാരുടെ മോചനത്തിനായി സാമ്പത്തിക സഹായം നൽകിയിരുന്നു. തുടർച്ചയായ പത്താം വർഷമാണ് ഈ മനുഷ്യസ്നേഹി ഫാക് കുർബ സംരംഭവുമായി സഹകരിക്കുന്നത്.
നൂറ് കണക്കിന് പേരാണ് ഈ സ്വദേശിയുടെ കാരുണ്യത്തില്‍ ജയില്‍ മോചനം നേടി ജീവിത സന്തോഷങ്ങളിലേക്ക് തിരികെ വന്നത്. ഫാക് കുർബയുടെ കഴിഞ്ഞ പതിപ്പിൽ 1,088 പേരെയാണ് മോചിപ്പിച്ചത്. പദ്ധതി രാജ്യത്തെ മാതൃകാപരമായ മനുഷ്യാവകാശ-സാമൂഹിക പ്രവർത്തനമായി മാറിയിട്ടുണ്ട്. സ്വകാര്യ മേഖലയിൽനിന്ന് വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്.