മസ്‌കത്ത് എക്സ്പ്രസ് വേ വിപുലീകരണം; 15.7 കോടി റിയാലിന്റെ വമ്പൻ പദ്ധതിക്ക് അംഗീകാരമായി
വികസിപ്പിക്കുന്നത് അൽ ഖുറം നാച്ചുറൽ പാർക്ക് ഇന്റർചേഞ്ച് മുതൽ ഹൽബാൻ ഇന്റർചേഞ്ച് വരെയുള്ള ഭാഗം
മസ്കത്ത്: ഒമാൻ തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി മസ്‌കത്ത് എക്സ്പ്രസ് വേ വിപുലീകരണ പദ്ധതിക്ക് തുടക്കമാകുന്നു. 15.7 കോടി റിയാൽ ചെലവ് വരുന്ന പദ്ധതിയുടെ കരാർ നടപടികൾ പൂർത്തിയായതായി ഒമാൻ പ്രൊജക്ട്സ് ആന്റ് ടെൻഡർ അതോറിറ്റി അറിയിച്ചു.
അൽ ഖുറം നാച്ചുറൽ പാർക്ക് ഇന്റർചേഞ്ച് മുതൽ ഹൽബാൻ ഇന്റർചേഞ്ച് വരെയുള്ള ഭാഗമാണ് വികസിപ്പിക്കുന്നത്. തിരക്ക് ഒഴിവാക്കി സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മസ്‌കത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ എക്സ്പ്രസ് വേ, സുൽത്താൻ ഖാബൂസ് ഹൈവേയ്ക്ക് പ്രധാന ബദൽ മാർഗവുമാണ്. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
2026 ഫെബ്രുവരി 19-ന് ചേർന്ന ടെൻഡർ ബോർഡിന്റെ ഈ വർഷത്തെ ആദ്യ യോഗത്തിലാണ് പദ്ധതിക്ക് അന്തിമ അനുമതി നൽകിയത്. നിലവിലുള്ള പാതയുടെ ശേഷി വർധിപ്പിക്കുന്നത് തലസ്ഥാനത്തെ റോഡ് ശൃംഖലയെ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എക്സ്പ്രസ് വേ വിപുലീകരണത്തിന് പുറമെ അൽ യഹ്‌മദി മുതൽ അൽ ഖഫീസി വരെയുള്ള ഇബ്ര റോഡിന്റെ ഇരട്ടിപ്പിക്കൽ ഉൾപ്പെടെ 18,600 കോടി റിയാലിന്റെ വിവിധ വികസന പദ്ധതികൾക്കും ഇതേ യോഗത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.