ശഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു; വൈകീട്ടോടെ തീരം തൊടുമെന്ന് മുന്നറിയിപ്പ്

30പേര്‍ വീടുകളിലും 25പേര്‍ വാഹനങ്ങളിലുമാണ് കുടുങ്ങിയിരുന്നത്. ഖുറം ബിസിനസ് ഡിസ്ട്രിക് മേഖല പൂര്‍ണമായി ഒഴിപ്പിക്കാനായി നാഷനല്‍ എമര്‍ജന്‍സി സെന്റര്‍ നിര്‍ദേശിച്ചു.

Update: 2021-10-03 08:55 GMT

ശഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോട് അടുക്കുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചിനും എട്ടിനുമിടയില്‍ മുസന്നക്കും സഹത്തിനുമിടയില്‍ കാറ്റ് തീരം തൊടുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാത്രി മുതല്‍ മസ്‌കത്ത്, ബാത്തിന ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. വരും മണിക്കൂറുകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കൂടുതല്‍ കനക്കും.

കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. മസ്‌കത്തടക്കം ഒമാന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വിവിധ ഇടങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നുണ്ട്. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി മസ്‌കത്ത്, മത്ര ഭാഗങ്ങളില്‍ വീടുകളിലും വാഹനങ്ങളിലും കുടുങ്ങിയ 55 പേരെ രക്ഷിച്ചു.

Advertising
Advertising

30പേര്‍ വീടുകളിലും 25പേര്‍ വാഹനങ്ങളിലുമാണ് കുടുങ്ങിയിരുന്നത്. ഖുറം ബിസിനസ് ഡിസ്ട്രിക് മേഖല പൂര്‍ണമായി ഒഴിപ്പിക്കാനായി നാഷനല്‍ എമര്‍ജന്‍സി സെന്റര്‍ നിര്‍ദേശിച്ചു. ഖുറം മേഖല ഏതാണ്ട് പൂര്‍ണമായും വെള്ളകെട്ടിലമര്‍ന്നു. അതേസമയം, ശഹീന്‍ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 139 കിലോമീറ്ററായി വര്‍ധിച്ചതായി ദേശീയ ദുരന്ത നിവാരണ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

ഷഹീന്‍ ചുഴലിക്കാറ്റിന്റെ കേന്ദ്രം മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ വടക്കുകിഴക്കായിട്ടാണ് നിലകൊള്ളുന്നത്. പ്രഭവ കേന്ദ്രത്തിന്റെ ചുറ്റുമുള്ള കാറ്റിന് 64 നോട്ട് വേഗതയാണുള്ളത്. വരും മണിക്കൂറുകളില്‍ വടക്കന്‍ ബാത്തിന, അല്‍ ദാഹിറ, അല്‍ ദഖിലിയ ഗവര്‍ണറേറ്റുകളിലും അല്‍ ബുറൈമിയിലും മണിക്കൂറുകളില്‍ 45 മുതല്‍ 60 നോട്ട് വരെ വേഗതയിലുള്ള കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഒപ്പം 200 മുതല്‍ 500 മില്ലിമീറ്റര്‍ വരെയുമുള്ള അളവില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

ഷഹീന്‍ ചുഴലികാറ്റിനോടനുബന്ധിച്ച് വിവിധ ഗവര്‍ണറേറ്റുകളില്‍ 136 അഭയ കേന്ദ്രങ്ങളാണ് ഒമാന്‍ ദുരന്ത നിവാരണ സമിതി ഒരുക്കിയിട്ടുള്ളത്. വാഹന യാത്രക്കാര്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ റോഡുകളുടെ ഉപയോഗം കുറക്കാന്‍ ഒമാന്‍ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News