മസ്‌കത്ത് ഇന്ത്യൻ എംബസി യോഗ ദിനാചരണം
1200ലധികംപേർ പങ്കാളികളായി
മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ 11ാം അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു. 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന മുദ്രാവാക്യമുയർത്തി ഖുറം പാർക്കിൽ നടന്ന യോഗ ദിനാചരണത്തിൽ 1200ലധികംപേർ പങ്കാളികളായി.
രാവിലെ അഞ്ച് മുതൽ എട്ടുവരെ നടന്ന പരിപാടി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ഒമാനി പൗരന്മാർ, മാധ്യമ പ്രതിനിധികൾ, കുട്ടികൾ, ഇന്ത്യൻ പ്രവാസികൾ എന്നിവരുൾപ്പെടെയുള്ളവർ 1200ലധികം പങ്കെടുത്തു.
സാർവത്രിക ആരോഗ്യം, ഐക്യം, സാംസ്‌കാരിക ബന്ധങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ പങ്കിനെ സെഷൻ ചൂണ്ടിക്കാട്ടി. 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന തലക്കെട്ടിന് കീഴിലായിരുന്നു യോഗ ദിനാചരണം. അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി എംബസിയുടെ കാർമികത്വത്തിൽ വിവിധ പരിപാടികൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി യോഗ പ്രദർശനവും അരങ്ങേറി. കുട്ടികൾ മുതൽ പ്രായമായവർവരെ ഈ പരിപാടികളിൽ പങ്കാളിയായി. യോഗ ദിനാചരണങ്ങളുടെ ഭാഗമായി മസ്‌കത്തിലും സലാലയിലും അടക്കം യോഗ പ്രദർശനങ്ങൾ അരങ്ങേറിയിരുന്നു.
മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തിയ ഇന്ത്യൻ നാവികസേന കപ്പലുകളായ ഐ എൻ എസ് മുർമുഖ, ഐ എൻ എസ് തബാർ എന്നിവയിലും സലാലയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് പരിസരത്തും യോഗ പ്രദർശനങ്ങൾ അരങ്ങേറി. ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള വിവിധ യോഗ ഗ്രൂപ്പുകളും റോയൽ നേവി ഓഫ് ഒമാൻ ഉദ്യോഗസ്ഥരും കപ്പൽ ജീവനക്കാരും യോഗയിൽ പങ്കാളിയായി.