മസ്കത്ത് നൈറ്റ്സ് കരാട്ടെ ചാമ്പ്യൻഷിപ്പ് പോരാട്ടത്തിന് കളമൊരുങ്ങി
10 രാജ്യങ്ങളിൽ നിന്നായി 400ലധികം അത്‌ലറ്റുകള്‍ ഏറ്റുമുട്ടും
മസ്കത്ത്: മസ്‌കത്ത് നൈറ്റ്‌സ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഷോട്ടോക്കാൻ കരാട്ടെ സെന്റർ ഓപ്പൺ ചാമ്പ്യൻഷിപ്പിന് ദാർസൈത്തിലെ അഹ്‌ലി സിദാബ് ക്ലബ് ഹാളിൽ തുടക്കമായി. പ്രാദേശിക, അന്തർദേശീയ ക്ലബ്ബുകളെയും അക്കാദമികളെയും പ്രതിനിധീകരിച്ച് 10 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 400 വനിതാ-പുരുഷ അത്‌ലറ്റുകള്‍ ഏറ്റുമുട്ടും. ജൂനിയർ, യൂത്ത് വിഭാഗങ്ങളിലെ കാറ്റ (Kata), കുമിത്തെ (Kumite) മത്സരങ്ങളാണ് ആദ്യദിനം നടന്നത്. ആവേശകരമായ പോരാട്ടങ്ങൾ നടന്ന മത്സരങ്ങളിൽ വിവിധ പ്രായപരിധിയിലുള്ള മികച്ച പ്രതിഭകൾ തങ്ങളുടെ പ്രാവീണ്യം തെളിയിച്ചു.
പെൺകുട്ടികളുടെ കാറ്റ മത്സരത്തിൽ 8 വയസ്സ് വിഭാഗത്തിൽ റീമ സദ്ദാം അൽ കമാലി (തുവാർ സെന്റർ), 9 വയസ്സിൽ സാൻവിക അഷ്ബന്ദ് (ഷോട്ടോക്കാൻ സെന്റർ), 10 വയസ്സിൽ ഫറ വസീം അസദി (ദ ചാംപ്‌സ് സ്പോർട്സ്) എന്നിവർ വിജയികളായി. ആൺകുട്ടികളുടെ കാറ്റ മത്സരത്തിൽ 8 വയസ്സിൽ ഔസ് റബീ ഖഫാജ (ടവർ ടീം), 9 വയസ്സിൽ സൈദാൻ നൗഷാദ് (എംപറർ അക്കാദമി), 10 വയസ്സിൽ ജിയാദ് അഹമ്മദ് അൽ ഫൗവിർ (എംപറർ അക്കാദമി) എന്നിവരും വിജയികളായി.
പെൺകുട്ടികളുടെ കുമിത്തെ മത്സരത്തിൽ 9 വയസ്സ് പ്രായപരിധിയിലെ 30 കിലോയ്ക്ക് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഫാത്തിമ ഖലീഫ അൽ റാസ്ബി (ഷോട്ടോക്കാൻ സെന്റർ), 40 കിലോയ്ക്ക് മുകളിലുള്ളവരിൽ സാറ അസദി എന്നിവരും ആൺകുട്ടികളുടേതിൽ 8 വയസ്സ് പ്രായപരിധിയുള്ള 25 kg ഉള്ളവരുടേതിൽ അഹമ്മദ് മാജിദ് അൽ സുൽത്തി (ഷോട്ടോക്കാൻ സെന്റർ), ഇതേ പ്രായപരിധികളിലുള്ള 30 kg ഉള്ളവരിൽ ഔസ് റബീ ഖഫാജ, 30 kgന് മുകളിലുള്ളവരിൽ മാർത്തിയ (ടാലന്റ് ടീം) എന്നിങ്ങനെയും ചാമ്പ്യന്മാരായി.