ആനന്ദിക്കാം...; മസ്‌കത്തിൽ ഏഴ് റെസിഡൻഷ്യൽ പാർക്കുകൾ

പുതിയ പാർക്കുകൾ നിർമിക്കും, പഴയത് നവീകരിക്കും, കരാർ നൽകിയെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി

Update: 2026-01-30 10:01 GMT

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലായി ഏഴ് റെസിഡൻഷ്യൽ പാർക്കുകൾ വരുന്നു. പുതിയ പാർക്കുകൾ നിർമിക്കുകയും പഴയത് നവീകരിക്കുകയുമാണ് ചെയ്യുക. പദ്ധതികൾക്കായി കരാറുകൾ നൽകിയതായി മസ്‌കത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. സുസ്ഥിര നഗരവികസനത്തിനും പൊതു സൗകര്യങ്ങൾ വർധിപ്പിക്കാനുമുള്ള 2026 ലെ പദ്ധതിയുടെ ഭാഗമായാണ് നടപടി. മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ എഞ്ചിനീയർ അഹമ്മദ് ബിൻ സഈദ് അൽ അംരിയുടെ അധ്യക്ഷതയിൽ നടന്ന മുനിസിപ്പാലിറ്റിയുടെ ഇന്റേണൽ ടെൻഡേഴ്സ് കമ്മിറ്റി യോഗത്തിലാണ് കരാറുകൾ അംഗീകരിച്ചത്.

Advertising
Advertising

2,363 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വാദി അൽ കബീർ പാർക്കിന്റെ പുനരുദ്ധാരണവും 5,878 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അൽ ഖൈറാൻ വില്ലേജ് പാർക്കിന്റെ പുനരുദ്ധാരണവും അംഗീകരിച്ച പദ്ധതികളിലുണ്ട്. 8,750 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആമിറാത്തിൽ പുതിയ റെസിഡൻഷ്യൽ പാർക്ക് നിർമിക്കാനും മുനിസിപ്പാലിറ്റി അംഗീകാരം നൽകി.

മബേലയിൽ യഥാക്രമം 7,417 ചതുരശ്ര മീറ്ററും 10,091 ചതുരശ്ര മീറ്ററും വിസ്തീർണമുള്ള രണ്ട് റെസിഡൻഷ്യൽ പാർക്കുകൾ വികസിപ്പിക്കും.

7,698 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഖുറയ്യാത്തിൽ റെസിഡൻഷ്യൽ പാർക്ക് നിർമിക്കും. 251 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മസ്‌കത്തിലെ അൽ റാവിയ പാർക്കിന്റെ വികസനവും പദ്ധതികളിൽ ഉൾപ്പെടുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News