ഇനിയും പോയില്ലേ? മസ്‌കത്ത് നൈറ്റ്‌സ് നാളെ സമാപിക്കും

ഇന്നും നാളെയും നിരവധി പരിപാടികൾ

Update: 2026-01-30 09:47 GMT

മസ്‌കത്ത്: ഒമാന്റെ തലസ്ഥാന നഗരിക്ക് ആഘോഷ രാവുകൾ സമ്മാനിച്ച മസ്‌കത്ത് നൈറ്റ്‌സ് നാളെ സമാപിക്കും. ജനുവരി ഒന്നിനാണ് ഫെസ്റ്റിവൽ തുടങ്ങിയത്. ഖുറം നാച്ച്വറൽ പാർക്ക്, നസീം ഗാർഡൻ, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ടുകൾ, സീബ് ബീച്ച്, വാദി അൽ ഖൂദ്, ഖുറിയാത്ത്, ആമിറാത്ത് പാർക്ക്, ബൗഷർ സാൻഡ്സ്, റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത് എന്നിങ്ങനെയുള്ള വേദികളിലായി നിരവധി പരിപാടികൾ നടന്നു.

ഇന്നും നാളെയുമായി ഡ്രോൺ ചാമ്പ്യൻഷിപ്പടക്കം വിവിധ പരിപാടികൾ നടക്കുന്നുണ്ട്. അന്താരാഷ്ട്ര ഡ്രിഫ്റ്റ് ചാമ്പ്യൻഷിപ്പിന്റെ അന്തിമ റൗണ്ട് ഇന്ന് ഒമാൻ ഓട്ടോ മൊബൈൽ അസോസിയേഷനിൽ നടക്കും. ഫിറ്റ്‌ബോക്‌സ് ഫൈറ്റ് ചാമ്പ്യൻഷിപ്പും ഇന്ന് അരങ്ങേറും. ഒമാൻ ഓട്ടോ മൊബൈൽ അസോസിയേഷനിലാണ് ഈ പരിപാടിയും. അൽ ഖൗദിലെ മൗണ്ടൈൻ ബൈക്ക് റേസ് ഇന്ന് നടക്കും. മത്സരം ഉച്ചയ്ക്ക് 2:00 ന് ആരംഭിക്കും. 20 കിലോമീറ്ററാണ് ദൂരം. ക്ഷമയും സാങ്കേതിക വൈദഗ്ധ്യവും പരീക്ഷിക്കാനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് റൂട്ട്. ഔദ്യോഗിക ഡിജിറ്റൽ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവരാണ് മത്സരത്തിൽ പങ്കെടുക്കുക.

അഹ്‌ലി സിദാബ് ക്ലബിലെ കരാട്ടെ ചാമ്പ്യൻഷിപ്പ്, ഒമാൻ ഡിസൈൻ വീക്ക് തുടങ്ങിയവ നാളെ അവസാനിക്കും. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 11 വരെയാണ് പ്രവേശനം. വാരാന്ത്യങ്ങളിൽ കൂടുതൽ സമയമുണ്ടാകും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News