ഇന്ത്യൻ രൂപ വീണ്ടും താഴേക്ക്; ഒരു ഒമാനി റിയാലിന്റെ മൂല്യം 238
രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞ് ഒരു അമേരിക്കൻ ഡോളറിനു 91.99 എന്ന നിരക്കിലെത്തി
മസ്കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞ് ഒരു അമേരിക്കൻ ഡോളറിനു 91.99 എന്ന നിരക്കിലെത്തി. ഒരു ഒമാനി റിയാലിന് 238 രൂപയിൽ അധികമാണ് ഇന്ന് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകുന്നത്. ഇന്ത്യൻ സ്റ്റോക്ക് എക്സചേഞ്ചിൽ നിന്ന് വിദേശ നിക്ഷേപകർ വാൻ തോതിൽ നിക്ഷേപങ്ങൾ പിൻവലിക്കുന്നത് രൂപയ്ക്കു സമ്മർദമുണ്ടാക്കി. ആഗോള തലത്തിലെ സ്ഥിരതയില്ലായ്മയും, രാജ്യങ്ങൾ തമ്മിലുള്ള കലുഷിത സാഹചര്യവും നിക്ഷേപകരെ അവരുടെ നിക്ഷേപങ്ങൾ സ്വർണത്തിലേക്കു മാറ്റുന്നതിനും കാരണമായി.
ഇന്ന് ഇന്ത്യയിൽ ഒരു പവന് 8000 രൂപയിലധികമാണ് കൂടിയത്. ഇന്നലെ നടന്ന യോഗത്തിൽ അമേരിക്കൻ ഫെഡ് (FED) പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിസർവ് ബാങ്കിന്റെ ഡോളർ വിറ്റഴിക്കലും രൂപയെ കാര്യമായി താങ്ങി നിർത്താനായില്ല. ഈ വർഷം ജനുവരിയിൽ തന്നെ ഇന്ത്യൻ രൂപ 2 ശതമാനം വിലയിടിഞ്ഞു. മറ്റു ഏഷ്യൻ കറൻസികളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇത് വളരെ കൂടുതലാണ്. ഇന്ത്യയുടെ വ്യാപാര കമ്മിയെ ദോഷകരമായി ബാധിക്കുന്നതാണ് ഈ വിലയിടിവ്. എന്നാൽ മാസ ശമ്പളം കിട്ടുന്ന പ്രവാസികൾക്ക് ഇത് ആശ്വാസമാണ്. പ്രവാസികൾ അയക്കുന്ന പണത്തിനു കൂടുതൽ മൂല്യം കിട്ടും. അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് രൂപയുടെ ചാഞ്ചാട്ടത്തില് ഒരു ദിശ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധനായ അഡ്വ. ആർ. മധുസൂദനൻ അഭിപ്രായപ്പെട്ടു.