മസ്‌കത്തിൽ തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രം ഉണക്കുന്നവരെ കാത്തിരിക്കുന്നത് തടവും വൻ പിഴയും

കാത്തിരിക്കുന്നത് 5,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും

Update: 2025-05-14 16:53 GMT

മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിൽ തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രം ഉണക്കുന്നവരെ കാത്തിരിക്കുന്നത് തടവും വൻ പിഴയുമെന്ന മുന്നറിയിപ്പുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി, ബാൽക്കണിയിൽ വസ്ത്രം ഉണക്കുന്നവരെ കാത്തിരിക്കുന്നത് 50 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴയാണ്, ആറ് മാസം വരെ തടവും ലഭിക്കും.

മസ്‌കത്ത് നഗരത്തിലും പരിസരങ്ങളിലും കെട്ടിടങ്ങളിൽ പുറം കാഴ്ചയുണ്ടാകുന്ന രീതിയിൽ വസ്ത്രങ്ങൾ ഉണക്കാൻ വിരിക്കുന്നവർക്കാണ് മസ്‌കത്ത് നഗരസഭ വീണ്ടും മുന്നറിയിപ്പ് നൽകിയത്. തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രം ഉണക്കുന്നവരെ കാത്തിരിക്കുന്നത് 50 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴയും 24 മണിക്കൂർ മുതൽ ആറ് മാസം വരെ തടവുമാണെന്ന് അധികൃതർ ഓർമിപ്പിക്കുന്നു. നഗരത്തിന്റെ ഭംഗിക്ക് കോട്ടം സംഭവിക്കുന്നതിനൊപ്പം ഉണക്കാനിടുന്ന വസ്ത്രത്തിൽ നിന്ന് താഴേക്ക് വെള്ളം പതിക്കുന്നതും പൊതുജനത്തിനും കാൽനട യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു. ഈ സാഹചര്യത്തിലാണ് മസ്‌കത്ത് നഗരസഭ മുന്നറിയിപ്പ് തുടർച്ചയായി നൽകുന്നത്. എന്നാൽ, മറയുള്ള ബാൽക്കണികളിൽ വസ്ത്രം ഉണക്കാനാവും.

മൂന്ന് നിലയിൽ കൂടുതൽ ഉയരുമുള്ള താമസ കെട്ടിടങ്ങളിൽ ഓരോ ഫ്‌ളാറ്റുകൾക്കും പ്രത്യേകം ബാൽക്കണികൾ ഉറപ്പുവരുത്തണമെന്ന് നഗരസഭ നിർദേശിച്ചിട്ടുണ്ട്. ഫ്‌ളാറ്റുകളുടെ രൂപകൽപനക്ക് അനുസരിച്ചാണ് ബാൽക്കണി ഒരുക്കേണ്ടത്. ഇത്തരം ബാൽക്കണികളിൽ ആവശ്യമായ മറകൾ ഉറപ്പുവരുത്തുകയും വേണം. ബാൽക്കണികൾ മറയ്ക്കുന്നതിന് മെറ്റൽ മെഷ് ഉപയോഗിക്കരുതെന്നും നഗരസഭാ അധികൃതർ നിർദേശിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News