ലേബർ ക്യാമ്പിലെ സംഘർഷം; ഒമാനിൽ പ്രതികളായ 59 പ്രവാസികൾക്ക് തടവുശിക്ഷ

ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ ഒമാനിൽ നിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു

Update: 2026-01-10 16:30 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: ഒമാനിലെ ബിദ്ബിദിൽ റെസിഡൻഷ്യൽ കോംപ്ലക്സിലുണ്ടായ ആക്രമണ സംഭവത്തിൽ 59 പ്രവാസികളെ നാടുകടത്താൻ കോടതിവിധി. നിയമവിരുദ്ധമായി സംഘം ചേരുക, പൊതുമുതൽ നശിപ്പിക്കുക, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. മൂന്ന് മാസം മുതൽ ഒരു വർഷം വരെയാണ് വിവിധ പ്രതികൾക്ക് ലഭിച്ച ശിക്ഷാ കാലാവധി.

ബിദ്ബിദിൽ കഴിഞ്ഞ ഡിസംബർ 25നാണ് ഒരു കമ്പനിയുടെ റെസിഡൻഷ്യൽ കോംപ്ലക്സിന് സമീപത്ത് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കലാപം, നാശനഷ്ടങ്ങളുണ്ടാക്കൽ, പ്രകോപനം സൃഷ്ടിക്കൽ, പൊതു ക്രമസമാധാനത്തെ തകർക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി 59 പ്രവാസികളെയാണ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷിച്ചത്. തടവ്, നാടുകടത്തൽ, മൊബൈൽ ഫോണുകൾ കണ്ടുകെട്ടൽ എന്നിവയാണ് പ്രതികൾക്കെതിരെ വിധിച്ചിരിക്കുന്നതതെന്നും പബ്ലിക് പ്രൊസിക്യൂഷൻ പറഞ്ഞു. കമ്പനിയുടെ റെസിഡൻഷ്യൽ കോംപ്ലക്സിന് സമീപം ഒത്തുകൂടി വാഹനങ്ങളും ടെന്റുകളും നശിപ്പിക്കുകയും സംഘർഷത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള കണ്ടെത്തൽ.

റോയൽ ഒമാൻ പൊലീസും പബ്ലിക് പ്രോസിക്യൂഷനും നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. അക്രമ സംഭവങ്ങളിൽ ഏർപ്പെട്ട സംഘത്തോട് പിരിഞ്ഞുപോകാനും നശീകരണ പ്രവർത്തനങ്ങൾ നിർത്താനും പൊലീസ് നിർദേശിച്ചെങ്കിലും പ്രതികൾ അനുസരിച്ചില്ല. തുടർന്ന് അവരെ അറസ്റ്റ് ചെയ്യുകയും നടപടികളിലേക്ക് കടക്കുകയുമായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, പ്രതികളെ കോടതിയിലേക്ക് റഫർ ചെയ്യുകയും കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയുമായിരുന്നുവെന്നും പബ്ലിക് പ്രൊസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News