ഒമാൻ മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ് അവാർഡ് നേടി ലുലു ഹൈപ്പർമാർക്കറ്റ്
ഗുണനിലവാരം, വിലനിലവാരം, ഉപഭോക്തൃ സേവനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് അവാർഡ്
മസ്കത്ത്: ഒമാനിലെ ഏറ്റവും വിശ്വസ്ത ബ്രാൻഡിനുള്ള അപെക്‌സ് മീഡിയയുടെ ഒമാൻ ട്രസ്റ്റഡ് ബ്രാൻഡ് അവാർഡ് നേടി ലുലു ഹൈപ്പർമാർക്കറ്റ്. സുൽത്താനേറ്റിലെ പബ്ലിഷിങ്ങ് ഹൗസുകളിലൊന്നായ അപെക്സ് മീഡിയയാണ് അവാർഡ് ഏർപ്പെടുത്തിയത്. ഗുണനിലവാരം, വിലനിലവാരം, ഉപഭോക്തൃ സേവനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിലൂടെയാണ് അവാർഡ് ലഭിച്ചത്.
വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജിയിൽ നിന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ – ഒമാൻ റീജിയണൽ ഡയറക്ടർ അൻവർ സാദത്തും, എച്ച്ആർ ഡിപ്പാർട്ട്‌മെന്റിലെ റീജിയണൽ ജനറൽ മാനേജർ നാസർ മുബാറക് സലിം അൽ മവാലിയും അവാർഡ് ഏറ്റുവാങ്ങി. ഒമാനിലെ റീട്ടെയിൽ മേഖലയിൽ വർഷങ്ങളായി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത ലുലു ഹൈപ്പർമാർക്കറ്റിന് ഇത് ഒരു പുതിയ നേട്ടം കൂടിയാണ്, ഈ നേട്ടം ഉപഭോക്താക്കളുടെ വിശ്വാസത്തിനുള്ള അംഗീകാരമാണെന്നും ലുലു ഗ്രൂപ്പ് മാനേജ്മെന്റ് അറിയിച്ചു. ഭാവിയിലും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളും നവീന പദ്ധതികളും ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും ലുലു വ്യക്തമാക്കി.