ഒമാനിൽ അഞ്ച് പുതിയ എണ്ണ, വാതക മേഖലകളിൽ ഖനനത്തിന് അവസരം; ആഗോള കമ്പനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

സെപ്റ്റംബർ 30 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി

Update: 2026-04-12 13:08 GMT

മസ്‌കത്ത്: രാജ്യത്തെ ഊർജ മേഖലയിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് അഞ്ച് പുതിയ എണ്ണ, വാതക മേഖലകൾ ലേലത്തിന് വെച്ച് ഒമാൻ ഊർജ മന്ത്രാലയം. 12, 16, 42, 45, 55 എന്നീ ബ്ലോക്കുകളാണ് പ്രാദേശിക അന്തർദേശീയ പെട്രോളിയം കമ്പനികൾക്കായി തുറന്നുകൊടുക്കുന്നത്. ഒമാൻ വിഷൻ 2040ന്റെ ഭാഗമായി രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും സാമ്പത്തിക വളർച്ച സുസ്ഥിരമാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഈ അഞ്ച് ബ്ലോക്കുകളിലും മികച്ച രീതിയിലുള്ള പ്രകൃതിദത്ത നിക്ഷേപമുണ്ടെന്നാണ് പ്രാഥമിക ഭൗമശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Advertising
Advertising

സുതാര്യവും നിക്ഷേപ സൗഹൃദവുമായ അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ട് ലേല നടപടികൾ പൂർണമായും ഔദ്യോഗിക ടെൻഡർ പോർട്ടൽ വഴിയാണ് നടപ്പിലാക്കുന്നത്. താൽപര്യമുള്ള കമ്പനികൾക്ക് വിവരങ്ങൾ പരിശോധിക്കാനും താൽപ്പര്യപത്രം സമർപ്പിക്കാനുമുള്ള രജിസ്‌ട്രേഷൻ നടപടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. സെപ്റ്റംബർ 30 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. സാങ്കേതികവും സാമ്പത്തികവുമായ കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷം മാത്രമേ വിജയികളെ പ്രഖ്യാപിക്കുകയുള്ളൂ. ആഗോള എണ്ണ കമ്പനികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്റെ വരുമാന സ്രോതസ്സുകൾ വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി സഹായകരമാകുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News