ഒമാന്റെ വടക്കൻ പ്രദേശങ്ങളിൽ അസ്ഥിര കാലാവസ്ഥ; ഇന്ന് മഴക്കും മൂടൽമഞ്ഞിനും സാധ്യത
മഴക്കെടുതി ബാധിച്ച ഗവർണറേറ്റുകളിൽ സാഹസിക ടൂറിസം നിർത്തിവച്ചു
മസ്‌കത്ത്: ഒമാന്റെ വടക്കൻ പ്രദേശങ്ങളിൽ അസ്ഥിര കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും അധികൃതർ അറിയിച്ചു. മുസന്ദം, ബുറൈമി, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, ദാഹിറ, നോർത്ത് ഷർഖിയ എന്നിവയാണ് വടക്കൻ ഗവർണറേറ്റുകൾ.
വടക്കൻ ഗവർണറേറ്റുകളിൽ മിക്കയിടത്തും വെള്ളിയാഴ്ച അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നാണ് അറിയിപ്പ്. വ്യത്യസ്ത തീവ്രതയിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഇടിമിന്നലോടുകൂടിയുള്ള മഴ പെയ്യാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ബാത്തിന, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ താഴ്ന്ന മേഘങ്ങളും മൂടൽമഞ്ഞും രൂപപ്പെട്ടതായാണ് റിപ്പോർട്ട്. ഇത് ആ പ്രദേശങ്ങളിലെ ദൂരക്കാഴ്ചയെ ബാധിച്ചേക്കാമെന്നും അധികൃതർ പറയുന്നു. പ്രത്യേകിച്ച് ദൂരക്കാഴ്ച കുറയാനും പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്കും സാധ്യതയുള്ള പ്രദേശങ്ങളിലാണിത്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മഴക്കെടുതി ബാധിച്ച ഗവർണറേറ്റുകളിൽ സാഹസിക ടൂറിസം നിർത്തിവച്ചു
മഴക്കെടുതി ബാധിച്ച ഗവർണറേറ്റുകളിൽ സാഹസിക ടൂറിസം നിർത്തിവച്ച് ഒമാൻ. ഏപ്രിൽ 12 വരെയാണ് സുരക്ഷ കണക്കിലെടുത്തുള്ള നടപടി. ഏപ്രിൽ 9 മുതലാണ് സാഹസിക ടൂറിസം നിർത്തിയത്. മഴക്കെടുതി ബാധിച്ച ഗവർണറേറ്റുകളിൽ സാഹസിക ടൂറിസം പ്രവർത്തനങ്ങൾ സംഘടിപ്പിക്കരുതെന്ന് പൈതൃക, ടൂറിസം മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിർദ്ദിഷ്ട കാലയളവിൽ ഈ നിർദേശം പാലിക്കണമെന്ന് അധികൃതർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു, താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും പറഞ്ഞു.