ജീവിതച്ചെലവ് ഏറ്റവും കുറവുള്ള ജിസിസി രാജ്യമായി ഒമാൻ

ജീവിതച്ചെലവ് കൂടുതലുള്ള ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത് യുഎഇ

Update: 2025-01-21 15:43 GMT

മസ്‌കത്ത്: ജീവിതച്ചെലവ് ഏറ്റവും കുറവുള്ള ജിസിസി രാജ്യമായി ഒമാൻ. 2025ലെ വേൾഡ് കോസ്റ്റ് ഓഫ് ലിവിംഗ് ഇൻഡക്സ് പ്രകാരം ജീവിതച്ചെലവ് കൂടുതലുള്ള ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയാണ് ഒന്നാമത്.

ജീവിതച്ചെലവ് കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് മേഖലയിൽ ആറാമതും ഏറ്റവും അവസാനവുമാണ് ഒമാൻ. ശരാശരി 39.8 പോയന്റുമായി അറബ് ലോകത്ത് ഏഴാം സ്ഥാനത്തും ആഗോളതലത്തിൽ 62-ാം സ്ഥാനത്തുമാണ് സുൽത്താനേറ്റിന്റെ സ്ഥാനം.

രാജ്യത്തെ ശരാശരി വാടക, പലചരക്ക് സാധനങ്ങളുടെ വിലകൾ, റസ്റ്റോറന്റ് വിലകൾ, പ്രാദേശിക കറൻസിയുടെ ശരാശരി വാങ്ങൽ ശേഷി, ശരാശരി ശമ്പളം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് വാർഷിക സൂചിക തയ്യാറാക്കുന്നത്. ജീവിതച്ചെലവ് കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ്, അറബ് രാജ്യങ്ങളിൽ യുഎഇ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 30-ാം സ്ഥാനത്തുമാണ്. ബഹ്‌റൈനാണ് ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനത്ത് ഖത്തറാണ്.

Advertising
Advertising

ഉയർന്ന ജീവിതച്ചെലവിന്റെ കാര്യത്തിൽ അറബ് ലോകത്ത് യെമൻ രണ്ടാം സ്ഥാനത്തും ഫലസ്തീൻ എട്ടാം സ്ഥാനത്തും ലെബനൻ ഒമ്പതാം സ്ഥാനത്തും സൊമാലിയ പത്താം സ്ഥാനത്തുമാണുള്ളത്.

സ്വിറ്റ്സർലൻഡ്, യുഎസ് വിർജിൻ ദ്വീപുകൾ, ഐസ്‌ലാൻഡ്, ബഹാമാസ്, സിംഗപ്പൂർ എന്നിവയാണ് ഏറ്റവും കൂടുതൽ ജീവിത ചെലവുള്ള രാജ്യങ്ങളിൽ മുന്നിൽ. സൂചികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആകെ 139 രാജ്യങ്ങളിൽ ജീവിക്കാൻ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യങ്ങൾ പാകിസ്താൻ, ലിബിയ, ഈജിപ്ത്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, മഡഗാസ്‌കർ, ബംഗ്ലാദേശ്, റഷ്യ, പരാഗ്വേ എന്നിവയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News