ഒമാനിൽ ആദ്യമായി വിന്റേജ് കാറുകളുടെ റാലി സംഘടിപ്പിക്കുന്നു; 4 രാജ്യങ്ങളിലെ 12 കാറുകൾ അണിനിരക്കും
മസ്‌കത്ത്: ഒമാനിലെ വാഹനപ്രേമികൾക്ക് പുത്തൻ അനുഭവമൊരുക്കി രാജ്യത്ത് ആദ്യമായി ഒരു ക്ലാസിക് കാർ റാലി സംഘടിപ്പിക്കുന്നു. 'ഒമാൻ ക്ലാസിക് - ദി ഫസ്റ്റ് ഡ്രൈവ്' എന്ന് പേരിട്ടിരിക്കുന്ന റാലിയിൽ ജർമ്മനി, സ്വിറ്റ്‌സർലൻഡ്, യുകെ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള 12 ലെജൻഡറി കാറുകൾ അണിനിരക്കും. ഫെബ്രുവരി 17 മുതൽ 21 വരെ നടക്കുന്ന റാലി ഒമാന്റെ തെരുവുകളിൽ വിന്റേജ് കാറുകളുടെ മനോഹാരിത നിറയ്ക്കും.
1950കളുടെ അവസാനത്തിലും 1960കളുടെ തുടക്കത്തിലുമുള്ള മെഴ്സിഡസ്-ബെൻസ് 300SL ഗൾവിംഗ്, റോഡ്സ്റ്റർ, ജാഗ്വാർ ഇ-ടൈപ്പ്, മെഴ്സിഡസ്-ബെൻസ് പഗോഡ തുടങ്ങിയ അപൂർവ കാറുകൾ റാലിയിൽ പ്രദർശിപ്പിക്കും. അൽ മമാരി & കീഫർ ഇൻവെസ്റ്റ്മെന്റ്സ് എൽഎൽസി (എകെഐ) ജർമ്മനിയിലെ HK എഞ്ചിനീയറിംഗുമായി സഹകരിച്ചാണ് റാലി സംഘടിപ്പിക്കുന്നത്. പൈതൃക, ടൂറിസം മന്ത്രാലയം, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ , മസ്‌കത്ത് മുനിസിപ്പാലിറ്റി എന്നിവയുടെയും പിന്തുണയുണ്ട്. ഫെബ്രുവരി 21ന് വൈകുന്നേരം 6 മണിക്ക് റോയൽ ഓപ്പറ ഹൗസ് മസ്‌കത്തിൽ പൊതുജനങ്ങൾക്ക് ഈ ഐതിഹാസിക വാഹനങ്ങൾ അടുത്ത് കാണാനുള്ള അവസരം ലഭിക്കും.