55ാമത് ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങി ഒമാൻ
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ പുരോഗതിയിലേക്ക്
മസ്‌കത്ത്: 55 മത് ദേശീയ ദിനം ആഘോഷിക്കുന്ന ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ പുരോഗതിയിലേക്ക് കുതിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം കാർഷിക മേഖല, വ്യാവസായ രംഗം തുടങ്ങി വിവിധ മേഖലകളിൽ കഴിഞ്ഞ ഒരു വർഷം വലിയ മുന്നേറ്റമുണ്ടായി. ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് നാളെ മസ്‌കത്തിലെ അൽ ഫത്ഹ് സ്‌ക്വയറിൽ നടക്കുന്ന സൈനിക പരേഡിൽ സുൽത്താൻ അധ്യക്ഷത വഹിക്കും.
ഒമാൻ വിഷൻ 2040 ലൂടെ മുൻഗണന നൽകിയ മേഖലകളിൽ കഴിഞ്ഞ ഒരു വർഷം വലിയ മുന്നേറ്റങ്ങളുണ്ടായി. വിദ്യാഭ്യാസരംഗത്ത് അതിവേഗ പുരോഗതിയുണ്ടായതായി കണക്കുകൾ പറയുന്നു, ഈ വർഷം മാത്രം 16 പുതിയ സ്‌കൂളുകൾ ആരംഭിച്ചു. ക്യൂഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2026 ൽ ഒമാനിലെ അഞ്ച് ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇടം പിടിച്ചു.
ആരോഗ്യസംരക്ഷണ സൂചികകളിൽ സുൽത്താനേറ്റ് കാര്യമായ പുരോഗതി കൈവരിച്ചു. ലെഗാറ്റം പ്രോസ്പെറിറ്റി ഇൻഡക്‌സ് ആരോഗ്യ വിഭാഗത്തിൽ ഒമാൻ ലോകത്ത് 55-ാം സ്ഥാനത്താണ്. 2024-ൽ 10 പുതിയ ആരോഗ്യ സ്ഥാപനങ്ങളാണ് പ്രവർത്തനം തുടങ്ങിയത്.
ഒമാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച മേഖല ഭക്ഷ്യസുരക്ഷയാണ്. 2025 ഒക്ടോബർ വരെ 449 കാർഷിക പദ്ധതികൾക്കായി 1.853 ബില്യൺ റിയാലിന്റെ നിക്ഷേപമാണ് രാജ്യത്ത് നടന്നത്. 2024-ൽ മത്സ്യ ഉൽപാദനം ഒമ്പതു ലക്ഷം ടൺ കടന്നു. ഒമാന്റെ സമ്പദ് വ്യവസ്ഥും സ്ഥിരതയോടെ മുന്നേറി. പൊതു കടം 14.4 ബില്യൻ ഒമാൻ റിയാലിൽ നിന്ന് 14.1 ബില്യൺ ആയി കുറഞ്ഞു. 2025 ജൂലൈയിൽ 3.55 ബില്യൺ റിയാൽ അധിക വ്യാപാരം നടന്നു. സമാധാനത്തിന്റെ വഴിയിലാണ് എപ്പോഴും സുൽത്താനേറ്റിന്റെ സഞ്ചാരം. സമാധാനം നിലനിർത്താനായി ലോക രാജ്യങ്ങൾക്കിടയിൽ നയതന്ത്ര ഇടപെടലുകൾ ഒമാൻ തുടരുകയാണ്. ഫലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ഒമാൻ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.