ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒമാൻ മുൻനിരയിൽ

റാങ്കിങ്ങിൽ ആദ്യ പത്തിൽ അഞ്ചും ​​ഗൾഫ് രാജ്യങ്ങൾ

Update: 2025-10-29 17:10 GMT
Editor : razinabdulazeez | By : Web Desk

മസ്കത്ത്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒമാൻ നാലാമത്. ​ഗാലപ് നടത്തിയ 2025ലെ ​ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ടിലാണ് ഒമാൻ 94 ശതമാനം റേറ്റിങ് ലഭിച്ച് നാലാം സ്ഥാനത്തെത്തിയത്. റാങ്കിങ്ങിൽ ആദ്യ പത്ത് രാജ്യങ്ങളിൽ അഞ്ചും ​​ഗൾഫ് രാജ്യങ്ങളാണ്.

144 രാജ്യങ്ങളിലായി 1,44,000 ലേറെ ആളുകളിൽ സർവേ നടത്തി തയാറാക്കിയ ഗാലപ് ഗ്ലോബല്‍ സേഫ്റ്റി റിപ്പോർട്ട് ആണ് പുറത്തുവന്നത്. രാത്രിയില്‍ തനിച്ച് നടക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന് നിര്‍ണയിക്കാനായിരുന്നു സർവേ. ശക്തമായ സർക്കാർ സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഐക്യമുള്ള സമൂഹം എന്നിവയാണ് ഒമാനിൽ കഴിയുന്നവരുടെ സുരക്ഷാബോധത്തിന്റെ അടിത്തറയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ‌‌

Advertising
Advertising

സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. താജിക്കിസ്ഥാന്‍ രണ്ടാം സ്ഥാനത്തും ചൈന മൂന്നാമതുമാണ്. സൗദി അഞ്ചും കുവൈത്ത് ഏഴും ബഹ്റൈൻ ഒൻപതും യുഎഇ പത്തും സ്ഥാനത്താണ്. രാത്രി നടക്കുമ്പോൾ സുരക്ഷിതമാണെന്ന് തോന്നാറുണ്ടോ, പ്രദേശിക പൊലീസിലുള്ള വിശ്വാസം, മോഷണമോ ആക്രമണമോ സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് സർവേയിലുണ്ടായിരുന്നത്. ലോകത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഏഷ്യന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ പൊതുവെ ഉയര്‍ന്ന സുരക്ഷാ നിരക്ക് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം അമേരിക്കയില്‍, 58 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് രാത്രിയില്‍ തനിച്ച് നടക്കുന്നതില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നത്. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News