Writer - razinabdulazeez
razinab@321
മസ്കത്ത്: സാഹസിക ടൂറിസത്തിന്റെ ആഗോള കേന്ദ്രമായി മാറുകയാണ് ഒമാൻ. രാജ്യത്തിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ സവിശേഷതകളാണ് സുൽത്താനേറ്റിലേക്ക് സാഹസിക സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ആഗോള സാഹസിക കേന്ദ്രമെന്ന നിലയിൽ ഒമാന്റെ ആകർഷണം വർധിപ്പിക്കുന്നതിൽ ടൂറിസം ഓഫറുകൾ വൈവിധ്യവത്കരിക്കാൻ മന്ത്രാലയം ശ്രമം തുടങ്ങിയിട്ടുണ്ട്.
പർവതനിരകൾ, വൈവിധ്യമാർന്ന ഭൂപ്രകൃതി എന്നിവ സാഹസിക വിനോദസഞ്ചാരത്തിൽ സുൽത്താനേറ്റിന്റെ കുതിച്ചുചാട്ടത്തിന് ആക്കം കൂട്ടുന്നതാണ്. ഹൈക്കിങ്, സിപ്പ് ലൈനിങ് മുതൽ കേവിങ്‍വരെ സന്ദർശകർക്ക് സമ്മാനിക്കുന്നത് വേറിട്ടകാഴ്ചയാണ്. കിഴക്കൻ, പടിഞ്ഞാറൻ അൽ ഹജർ പർവതനിരകൾ, ദോഫാർ, മുസന്ദം തുടങ്ങിയ പ്രദേശങ്ങളുടെ മനോഹാരിതയും വിനോദസഞ്ചാരികളുടെ മനംകവരും. ആഗോള സാഹസിക കേന്ദ്രമെന്ന നിലയിൽ ഒമാന്റെ ആകർഷണം വർധിപ്പിക്കുന്നതിൽ ടൂറിസം ഓഫറുകൾ വൈവിധ്യവത്കരിക്കുകയാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യം. വർധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുന്നതിനായി, അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും നൽകുന്നതിന് മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഒമാന്റെ സാഹസിക ടൂറിസം വികസനം മികച്ച അന്താരാഷ്ട്ര രീതികളിലൂടെയാണ് രൂപപ്പെടുത്തുന്നത്. ഇതിനായി എല്ലാ സാഹസിക പ്രവർത്തനങ്ങൾക്കും ശക്തമായ നിയമപരവും സുരക്ഷാപരവുമായ ചട്ടക്കൂട് നിർമ്മിക്കുന്നതിനായി ന്യൂസിലൻഡ് മാതൃക മന്ത്രാലയം പഠിച്ചു. യാത്ര സംഘാടകർക്കായി നിലവിൽ ലൈസൻസിങ് സംവിധാനമുണ്ട്. സാഹസിക കമ്പനികൾക്കായി ഒരു റിസ്ക്, സുരക്ഷാ ഓഡിറ്റ് സംവിധാനം വികസിപ്പിക്കുന്നുണ്ട്. സുരക്ഷാ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, പ്രതിരോധ മന്ത്രാലയവുമായും ഒമാനി ഗൈഡുകളെ പരിശീലിപ്പിക്കുന്നതിനായി റോയൽ ആർമി ഓഫ് ഒമാന്റെ സാഹസിക പരിശീലന കേന്ദ്രവുമായും മന്ത്രാലയം സഹകരിക്കുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുമായി സഹകരിച്ച് പ്രത്യേക പ്രഥമശുശ്രൂഷ, പർവത രക്ഷാ പരിപാടികളും നടത്തുന്നു. ഒമാനി ടൂറിസം പ്രഫഷണലുകൾക്കായി എട്ട് കോഴ്സുകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.