Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: കുടുംബങ്ങള് താമസിക്കുന്ന മേഖലകളില് തൊഴിലാളികള്ക്കും ബാച്ചിലര്മാർക്കും താമസസൗകര്യം ഒരുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഉപയോഗത്തിന് വിരുദ്ധമായി താമസസൗകര്യങ്ങള് ഒരുക്കുന്നതും അനുവദനീയമായതിലധികം ആളുകളെ ഒരിടത്ത് താമസിപ്പിക്കുന്നതും ചട്ടലംഘനമാണെന്ന് അധികൃതര് ഓർമിപ്പിച്ചു, പാർപ്പിട നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുൻസിപ്പിലിറ്റി വ്യക്തമാക്കി.
അനധികൃതമായി ആളുകളെ താമസിപ്പിക്കുന്നതും പാർപ്പിട കെട്ടിടങ്ങളിലെ അമിത ജനസാന്ദ്രതയും പൊതുസൗകര്യങ്ങളെ ബാധിക്കുന്നുവെന്നാണ് മുൻസിപ്പാലിറ്റിയുടെ വിലയിരുത്തൽ. ഗതാഗതക്കുരുക്ക്, പാർക്കിംഗ് പ്രശ്നങ്ങൾ, ആരോഗ്യ-സുരക്ഷാ ഭീഷണികൾ എന്നിവ വർധിക്കുന്നതിനൊപ്പം താമസക്കാരുടെ സ്വസ്ഥജീവിതത്തെ ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. താമസമേഖലകളിലും താമസവാണിജ്യ ആവശ്യങ്ങള്ക്കായി ഒരുമിച്ച് നിശ്ചയിച്ച മേഖലകളിലും തൊഴിലാളികള്ക്കോ ബാച്ചിലര്മാര്ക്കോ താമസിക്കാനുള്ള കെട്ടിടങ്ങളോ സമുച്ചയങ്ങളോ നിര്മിക്കുന്നതിന് നിയന്ത്രണമുണ്ട്. ഒരേ കെട്ടിടത്തില് കുടുംബങ്ങള്ക്കും ബാച്ചിലര് സംഘങ്ങള്ക്കും ഒരേസമയം താമസസൗകര്യം ഒരുക്കുന്നതിനും ചട്ടങ്ങള് ബാധകമാണ്.
തൊഴിലാളികൾക്കായി നിശ്ചിത സ്ഥലങ്ങളിൽ താമസ സൗകര്യം ഒരുക്കുകയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തൊഴിലുടമകളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണ്. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നതിന് മുൻപ് തന്നെ ഉടമകൾ അനുമതിയും കാറ്റഗറിയും പരിശോധിക്കണമെന്ന് മുൻസിപ്പാലിറ്റി ഓർമ്മിപ്പിച്ചു. റസിഡൻഷ്യൽ ഏരിയകളിലെ പാർപ്പിട നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും, നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നഗരത്തിന്റെ സുരക്ഷയും സാമാധാന അന്തരീക്ഷവും ഉറപ്പുവരുത്താൻ കൂടിയാണ് ഇത്തരം നീക്കങ്ങളെന്നും മുൻസിപ്പാലിറ്റി പറയുന്നു.