റിയാലിന് 200.70 രൂപ; ഒമാൻ റിയാൽ വിനിമയ നിരക്ക് സർവ്വകാല റെക്കോർഡിൽ

വിനിമയ സ്ഥാപനങ്ങൾ ആദ്യമായാണ് റിയാലിന് 200 രൂപയിൽ അധികം നൽകുന്നത്

Update: 2022-05-09 19:24 GMT
Editor : afsal137 | By : Web Desk
Advertising

ഒമാൻ റിയാൽ വിനിമയ നിരക്ക് സർവ്വകാല റെക്കോർഡിലെത്തി. തിങ്കളാഴ്ച ഒരു റിയാലിന് 200.70 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. ഈ വർഷം മാർച്ച് എട്ടിനുണ്ടായിരുന്ന ഉയർന്ന വിനിമയ നിരക്കാണ് ഇതോടെ മറികടന്നത്.

മാർച്ച് എട്ടിന് ഓൺലൈൻ വിനിമയ പോർട്ടലായ എക്‌സി എക്‌ചേഞ്ച് ഒരു റിയാലിന് 200.40 എന്ന നിരക്ക് കാണിച്ചിരുന്നെങ്കിലും വിനിമയ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയിരുന്നില്ല. ഓൺലൈൻ പേർട്ടലിൽ ശനിയാഴ്ച റിയാലിന് 200 രുപ കടന്നിരുന്നെങ്കിലും വിനിമയ സ്ഥാപനങ്ങൾ 199.20 എന്ന നിരക്കാണ് നൽകിയിരുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ തന്നെ വിനിമയ നിരക്ക് ഉയരാൻ തുടങ്ങിയിരുന്നു. ഓൺലൈൺ പോർട്ടലിൽ ചില സമയങ്ങളിൽ റിയാലിന് 201.700 രൂപ വരെ എത്തിയിരുന്നു. ഇതോടെ ഒമാനിലെ വിനിമയ സ്ഥാപനങ്ങളും റിയാലിന് 200 രുപ എന്ന നിരക്ക് കടക്കുകയായിരുന്നു.

വിനിമയ സ്ഥാപനങ്ങൾ ആദ്യമായാണ് റിയാലിന് 200 രൂപയിൽ അധികം നൽകുന്നത്. ഇതോടെ വിനിമയ സ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യയിലെ ഓഹരി വിപണിയിൽ ഇടിവുണ്ടായതാണ് രൂപയുടെ മുല്യം കുറയാൻ പ്രധാന കാരണം. ഇന്ത്യയിലെ പ്രധാന കമ്പനികളുടെ ഓഹരികളിൽ രണ്ട് ശതമാനം ഇടിവാണ് ബുധനാഴ്ച ഉണ്ടായത്. ഇന്ത്യൻ റിസർവ് ബാങ്കിന്റെ റിപോ റേറ്റ് ഉയർത്താനുള്ള തീരുമാനമാനവും രൂപക്ക് വിനയായിട്ടുണ്ട്. അതോടൊപ്പം അമേരിക്കൻ ഡോളറും ശക്തി പ്രപിച്ചിട്ടുണ്ട്.

പലിശ നിരക്ക് വർധിപ്പിക്കാനുള്ള അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനവും രൂപയുടെ വിനിമയ നിരക്ക് വർധിക്കാൻ കാരണമായി. ഇത് ഇന്ത്യൻ ഓഹരിയിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നതിലേക്ക് നയിച്ചു. റഷ്യൻ-യുക്രൈൻ പ്രതിസന്ധി, എണ്ണ വില ഉയരൽ, ഉൽപന്നങ്ങളുടെ വിലവർധന തുടങ്ങിയ നിരവധി കാരണങ്ങൾ ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നു. വിനിമയ നിരക്ക് വർധിച്ചതോടെ വൻ തോതിൽ വിദേശ കറൻസി ഇന്ത്യയിലേക്ക് ഒഴുകാൻ സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News