Writer - razinabdulazeez
razinab@321
സാലാല: സലാല നഗരത്തിൽ നിന്ന് നൂറു കിലോമീറ്ററോളം അകലെയുള്ള തുംറൈത്തിൽ ഇന്ത്യൻ സ്കൂൾ സ്ഥാപിക്കുന്നതിനും നില നിർത്തുന്നതിനുമായി സാമൂഹ്യ പ്രതിബദ്ധതയോടെ മുന്നിൽ നിന്ന് പ്രവർത്തിച്ച റസ്സൽ മുഹമ്മദിനെയാണ് മീഡിയവൺ മബ്‌റൂക് ഗൽഫ് ടോപ്പേഴ്സിനൊപ്പം ഈ വർഷം സലാലയിൽ ആദരിച്ചത്.
മീഡിയവൺ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ സവാബ് അലി, എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ എന്നിവർ ചേർന്ന് അവാർഡ് കൈമാറി. റസ്സൽ മുഹമ്മദിന്റെ ഭാര്യ ഷൈമയും ചടങ്ങിൽ സംബന്ധിച്ചു.
ലുബാൻ പാലസ് ഹാളിൽ തിങ്ങി നിറഞ്ഞ പ്രവാസികളിൽ തുംറൈത്തിൽ നിന്നുള്ള നൂറു കണക്കിന് കുടുംബങ്ങളും ഉണ്ടായിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന ഒരു എം.എൽ.എ. യെ പോലെയാണ് തുംറൈത്തുകാർക്ക് റസ്സൽ മുഹമ്മദ്. അതിനാൽ തന്നെ റസ്സലിനുള്ള അംഗീകാരം തുംറൈത്തിലെ പ്രവാസികൾക്ക് കൂടിയുള്ളതാണ്. അവാർഡ് സ്വീകരിച്ച ശേഷം റസ്സൽ ഇത് ഊന്നി പറയുകയും ചെയ്തു.
ഖരീഫ് കാലത്ത് അപകടം പതിവായ തുംറൈത്ത് സലാല പഴയ റോഡിലെ പേടിപ്പെടുത്തുന്ന വിദ്യാർത്ഥികളുടെ യാത്ര ഒരു ഓർമ്മ മാത്രമാക്കിയത്, റസ്സലും അദ്ദേഹം തന്നെ മുന്നിൽ നിന്ന് രൂപീകരിച്ച തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷനുമാണ്. അവരുടെ രോദനം അധികാരികളുടെ കണ്ണ് തുറക്കുകയും അനിൽ വധ്‌വ അംബാസഡർ ആയിരുന്ന കാലത്ത് 2011 ൽ സ്കൂൾ അനുവദിക്കുകയുമായിരുന്നു. സ്വന്തം കെട്ടിടം ഇല്ലാത്തതിനാൽ ഹൈസ്കൂൾ ഇവിടെ തുടങ്ങാനായിട്ടില്ല.
സ്കൂളിന് സ്വന്തമായി കെട്ടിടം എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിനുള്ള നേട്ടോട്ടത്തിലാണ് റസ്സലും സംഘവും ഇപ്പോളുള്ളത്. പ്രാവാസികളോടൊപ്പം ഏതെങ്കിലും കോർപറേറ്റുകൾ തങ്ങളുടെ സി.എസ്.ആർ ഫണ്ട് തന്ന് സഹായിക്കുമെന്ന പ്രതീക്ഷയിലാണിവർ. കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശിയായ റസ്സൽ, ഭാര്യ ഷൈമക്കും മൂന്ന് മക്കൾക്കുമൊപ്പം കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി സലാലയിലുണ്ട്. വിദ്യാഭ്യാസ മേഖലയിൽ സംഭാവനകൾ അർപ്പിക്കുന്നവർക്ക് നൽകി വരുന്ന അവാർഡ് കഴിഞ്ഞ വർഷം ഡോ: സയ്യിദ് ഇഹ്‌സാൻ ജമീൽ, ഡോ: വി.എസ്. സുനിൽ, ഹുസൈൻ കാച്ചിലോടി എന്നിവർക്കാണ് നൽകിയയത്.