Writer - razinabdulazeez
razinab@321
മസ്കത്ത്: ദേശീയ കമ്പനിയായ മവാസലാത്ത് മസ്കത്തിലെ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് ഇലകട്രിക്ക് ബസ് പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ച് തുടങ്ങിയത്. 2050 ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്നതാണ് ഒമാന്റെ ലക്ഷ്യം. 28 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ബസ്. മണിക്കൂറിൽ 70 മുതൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ നഗര പരിതസ്ഥിതികൾക്ക് ഇത് വളരെ അനുയോജ്യമാകും. എം.എ.എൻ കമ്പനിയുമായി കൈകോർത്താണ് മവാസലാത്ത് ഇലക്ട്രിക് ബസുകൾ യാഥാർഥ്യമാക്കിയിരിക്കുന്നത്. 2024ലെ വേൾഡ് ട്രാൻസ്‌പോർട്ട് ആൻഡ് പബ്ലിക് ട്രാൻസ്‌പോർട്ട് യൂനിയൻ കോൺഫറൻസിലെ ചർച്ചകൾക്ക് അനുസൃതമായാണ് എം.എ.എൻ കമ്പനി ബസ് നിർമിച്ചത്. അതേസമയം വിവിധ ഗവർണറേറ്റുകളിലേക്കുള്ള സേവനങ്ങൾ വിപുലീകരിക്കുന്നതുൾപ്പെടെ രാജ്യത്തുടനീളമുള്ള പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള നീക്കം മവസാലാത്ത് ആരംഭിച്ചിട്ടുണ്ട്. ദാഖിലിയ ഗവർണറേറ്റുമായി കരാറിൽ എത്തി. മറ്റ് രണ്ട് ഗവർണറേറ്റുകളുമായും സമാനമായ പദ്ധതികളുണ്ടെന്ന് ഗതാഗത അണ്ടർസെക്രട്ടറി എൻജിനീയർ ഖാമിസ് ബിൻ മുഹമ്മദ് അൽ ഷമാഖി പറഞ്ഞു. മസ്‌കത്ത് ഇന്റർ-സിറ്റി സർവീസുകൾ പുനഃപരിശോധിക്കാനും മന്ത്രാലയം പദ്ധതിയുണ്ട്.