ലുസൈലിലെ പുതുവത്സരാഘോഷത്തിൽ പങ്കെടുത്തത് 2.5 ലക്ഷം പേർ
നാലായിരം പൈറോ ഡ്രോണുകളുടെ പ്രദർശനം കാണികൾക്ക് പുത്തൻ അനുഭവമായി.
ദോഹ: പുതുവർഷത്തെ വരവേൽക്കാൻ ഖത്തറിലെ ലുസൈൽ ബൊളിവാർഡിലെത്തിയത് റെക്കോർഡ് ജനക്കൂട്ടം. രണ്ടര ലക്ഷത്തിലേറെ പേരാണ് ഇന്നലെ രാത്രി ലുസൈലിൽ ഒരുക്കിയ പരിപാടികൾ വീക്ഷിക്കാനായി എത്തിയത്.
ലേസർ ഷോയും വെടിക്കെട്ടും സംഗീത പരിപാടിയും ആസ്വദിക്കാനാണ് പൗരന്മാരും താമസക്കാരും ലുസൈലിൽ തടിച്ചു കൂടിയത്. ആയിരം വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നുള്ള നാലായിരം പൈറോ ഡ്രോണുകളുടെ പ്രദർശനം കാണികൾക്ക് പുത്തൻ അനുഭവമായി. 15,300 കരിമരുന്നു പ്രയോഗങ്ങളും അരങ്ങേറി. ദേശീയ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി ലുസൈൽ മാറിയെന്ന് തെളിയിക്കുന്നതായിരുന്നു പരിപാടിക്കെത്തിയ റെക്കോഡ് ജനക്കൂട്ടം.
വൈകിട്ട് ആറു മുതൽ അർധരാത്രി രണ്ടു വരെയായിരുന്നു ആഘോഷ പരിപാടികൾ. ലേസർ ഷോയ്ക്കും വെടിക്കെട്ടിനും പുറമേ, തത്സമയ സംഗീത നിശയും അരങ്ങേറി. കുടുംബങ്ങൾക്കു മാത്രമാണ് ഇത്തവണ ലുസൈലിലെ ആഘോഷ വേദിയിലേക്ക് പ്രവേശനമുണ്ടായിരുന്നത്. പാർക്കിങ് അടക്കം വിപുലമായ ഒരുക്കങ്ങളാണ് പരിപാടിക്കായി സംഘാടകർ ഒരുക്കിയിരുന്നത്.